Theft | കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോയി തിരികെ എത്തിയപ്പോൾ വീട് കുത്തിത്തുറന്ന നിലയിൽ; തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം
🎬 Watch Now: Feature Video
തിരുവനന്തപുരം : നെടുമങ്ങാട് കരകുളത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. എട്ടര പവനും 2000 രൂപയും കവർന്നു. കരകുളം വേങ്കോട് പ്ലാത്തറ ദീപുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
ദീപുവിന്‍റെ കുഞ്ഞിന്‍റെ ചികിത്സയക്കായി മൂന്ന് ദിവസമായി ഇവർ ആശുപത്രിയിലായിരുന്നു. ഇത് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുൻവശത്തെ ഡോർ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്ന നിലയിലായിരുന്നു. വീട്ടിനുള്ളിലെ രണ്ട് അലമാരകളും തകർത്താണ് മോഷണം നടത്തിയത്.
മൂന്ന് മാല, ഒരു ബ്രേസ്‌ലറ്റ്, ഒരു വള, രണ്ട് ജോഡി കമ്മൽ, മോതിരങ്ങൾ അടക്കം എട്ടര പവനും 2000 രൂപയും ആണ് നഷ്‌ടപ്പെട്ടത്. പ്ലാത്തറയിൽ സമാന രീതിയിലുള്ള മോഷണം പതിവാണെന്നും പൊലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാർ അവശ്യപ്പെടുന്നത്.
സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്‍റ് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Also read : മോഷ്‌ടിച്ച സ്‌കൂട്ടറിൽ പത്തനംതിട്ട മുതൽ തിരുവനന്തപുരം വരെ കറക്കം, വിവിധ കേസുകളിലെ പ്രതി ഒടുവിൽ പൊലീസ് പിടിയൽ