ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്, കിട്ടിയത് 4 ലക്ഷം രൂപ: എല്ലാം അശ്വിനിക്കായി...
🎬 Watch Now: Feature Video
നീലഗിരി : യുവതിയുടെ ചികിത്സയ്‌ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലൂടെ കണ്ടെത്തിയത് നാല് ലക്ഷം രൂപ. നീലഗിരി ജില്ലയിലെ കോത്തഗിരിക്കടുത്തുള്ള കടകംപട്ടി ഗ്രാമത്തിൽ നിന്നുള്ള അശ്വിനിയ്‌ക്കായാണ് ഗ്രാമവാസികൾ കൈ കോര്‍ത്തത്. അശ്വിനിയുടെ ഇരു വൃക്കകളും തകരാറിലാണെന്ന് അടുത്തിടെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ജീവിതത്തിലേക്ക് തിരികെ എത്താന്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ വിധിയെഴുതി.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടുന്നപോകുന്ന യുവതിയുടെ കുടുംബത്തിന് ഇതിനുള്ള ചിലവ് വഹിക്കാന്‍ യാതൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഇതറിഞ്ഞതോടെയാണ് യുവതിയുടെ ചികിത്സയ്‌ക്കായി വിവിധ മാർഗങ്ങളിലൂടെ പണം സ്വരൂപിക്കാൻ നാട്ടുകാര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഭാരതി യൂത്ത് ക്ലബാണ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചത്.
ജില്ലാതലത്തിലുള്ള ടൂര്‍ണമെന്‍റില്‍ ആകെ 16 മത്സരങ്ങളാണ് നടന്നത്. ഒരാഴ്ചത്തെ മത്സരങ്ങള്‍ക്ക് ശേഷം കട്ടബെട്ട്, ഉയിലാട്ടി ടീമുകളാണ് ഫൈനലിലെത്തിയത്. വാശിയേറിയ ഫൈനൽ മത്സരത്തിന്‍റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതോടെ ടൈ ബ്രേക്കറിലൂടെ കട്ടബെട്ട് ടീം വിജയം നേടി.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അശ്വിനിയുടെ ചികിത്സ നടക്കുന്നത്. ടൂര്‍ണമെന്‍റിലൂടെ കണ്ടെത്തിയ പണം ആശുപത്രിയിലേക്ക് അയച്ചതായി ഭാരവാഹികള്‍ പറഞ്ഞു.