തേയില കൊളുന്തിന് വിലയിടിവ്, കിലോയ്‌ക്ക് ലഭിക്കുന്നത് 13 രൂപ മാത്രം; കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ കര്‍ഷകര്‍
🎬 Watch Now: Feature Video
ഇടുക്കി: തേയില കൊളുന്തിന്‍റെ വിലയിടിവിനെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ഒരു കിലോ കൊളുന്തിന് 13 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇടുക്കി, പീരുമേട് താലൂക്കുളിൽ ആയിരക്കണക്കിന് ചെറുകിട കർഷകരാണ് തേയില കൃഷി ചെയ്‌ത് ജീവിക്കുന്നത്. തൊഴിലാളികളുടെ വേതനം കൂടിയതിനൊപ്പം വളം, കീടനാശിനികൾ എന്നിവയുടെ വില വർധനവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷി ചെലവുകൾ വച്ച് നോക്കിയാൽ ഒരു കിലോ തേയില കൊളുന്തിന് 20 രൂപയെങ്കിലും കിട്ടിയാലേ മുതലാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉത്‌പാദനം വർധിച്ചതോടെ ചെറുകിട കർഷകരുടെ തേയില കൊളുന്ത് വാങ്ങാൻ ഫാക്‌ടറികൾ തയ്യാറാകുന്നുമില്ല. മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിലെ ഫാക്‌ടറികളിലേക്ക് തേയില കൊളുന്ത് ശേഖരിച്ച് കൊണ്ടു പോകുന്നത് ഇടനിലക്കാരാണ്. ഇവർ കർഷകർക്ക് ചെറിയ വില മാത്രമാണ് നൽകുന്നത്. കർഷകരുടെ സഹായത്തിനായി പ്രവർത്തിക്കുന്ന ടീ ബോർഡ്, പച്ചക്കൊളുന്തിന്‍റെ വില സ്ഥിരത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Also Read: Farming| 'മഴ വന്നു, വന്നില്ല': കുരുമുളക്, കാപ്പി കൃഷി അവതാളത്തില്‍, ആശങ്കയില്‍ കര്‍ഷകര്‍