അരിക്കൊമ്പൻ ജനവാസ മേഖലയ്ക്കടുത്ത്; സിഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനം വകുപ്പ് - കമ്പം തമിഴ്‌നാട്
🎬 Watch Now: Feature Video
ഇടുക്കി : തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ ഭീതി സൃഷ്‌ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് തമിഴ്‌നാട് വനം വകുപ്പ്. അവസാനം സിഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണെന്ന് കണ്ടെത്തി. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ്.
ജനവാസ മേഖലയിൽ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് ആന നീങ്ങിയിരുന്നു. ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ച് തുടങ്ങിയത്. കമ്പത്തെ ജനവാസ മേഖലയിൽ വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ അരിക്കൊമ്പൻ ക്ഷീണിതനാണെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
കമ്പത്തെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തീരുമാനം. മയക്കുവെടി വച്ചാൽ ആനിമൽ ആംബുലൻസിൽ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് സജ്ജമാണ്.
ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചുരുളിപ്പെട്ടിയിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ആന കൃഷി നശിപ്പിക്കുന്നുവെന്നും അതിനാല്‍ എത്രയും പെട്ടെന്നുതന്നെ മയക്കുവെടി വയ്ക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വക്കാനുള്ള നടപടികൾ പൂർത്തിയായെങ്കിലും ആന മേഘമലയിലേക്ക് നീങ്ങിയതോടെ ദൗത്യം അനിശ്ചിതത്വത്തിലാകുകയായിരുന്നു.
ശനിയാഴ്‌ച രാവിലെയാണ് ഗൂഢല്ലൂര്‍ കടന്ന് അരിക്കൊമ്പൻ കമ്പത്ത് എത്തിയത്. ജനവാസ മേഖലയില്‍ എത്തിയ കാട്ടാന ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെ കണ്ട് പേടിച്ചോടിയ ഒരാള്‍ക്ക് വീണി പരിക്കേറ്റിരുന്നു. സ്ഥിതി വഷളായതോടെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിടുകയായിരുന്നു. മൂന്ന് കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്‌ധരും ഡോക്‌ടര്‍മാരും അടങ്ങുന്നതാണ് ദൗത്യ സംഘം.