കിട്ടാക്കനിയായി നെല്ല് സംഭരണ കുടിശ്ശിക; കൃഷിയിറക്കാനാവാതെ ദുരിതത്തിലായി കർഷകർ - കര്‍ഷക പ്രതിനിധി സംസാരിക്കുന്നു
🎬 Watch Now: Feature Video
കോട്ടയം: നെല്ല് സംഭരണ തുക കിട്ടാത്തതിനാല്‍ അടുത്ത കൃഷിയിറക്കാനാവാതെ കർഷകർ ദുരിതത്തില്‍. ഇതേതുടര്‍ന്ന്, കോട്ടയം അപ്പർ കുട്ടനാടൻ മേഖലകളിലെ നൂറുകണക്കിന് കർഷകരാണ് കടക്കെണിയിലായത്. സംഭരണ തുകയ്‌ക്കൊപ്പം കഴിഞ്ഞ വർഷത്തെ കൃഷി നാശത്തിനുള്ള ഇൻഷുറൻസ് തുകയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് കർഷകർ.
മാർച്ച് മാസത്തിൽ സംഭരിച്ച നെല്ലിന്‍റെ പണമാണ് കർഷകർക്ക് ലഭ്യമാവാത്തത്. നെല്ല് സംഭരിച്ച് കഴിഞ്ഞ് മൂന്ന് മാസമായി പണത്തിനുവേണ്ടി കർഷകർ കാത്തിരിക്കുകയാണ്. ഏതാനും കർഷകർക്ക് സംഭരണ തുക നൽകിയെങ്കിലും പൂർണമായി കൊടുത്തുതീർത്തിട്ടില്ല. നെല്ലിന്‍റെ പണം കിട്ടാത്തതുകൊണ്ട് അടുത്ത കൃഷിയിറക്കാൻ കർഷകർക്ക് കഴിയാതെ വന്നിരിക്കുകയാണ്.
കര്‍ഷകര്‍ സാമ്പത്തിക ഞെരുക്കത്തില്‍: പാടത്ത് വെള്ളം വറ്റിച്ച് നിലമൊരുക്കേണ്ട സമയം പിന്നിട്ട സാഹചര്യമാണുള്ളത്. ആദ്യകൃഷി നടത്താനെടുത്ത ബാങ്ക് വായ്‌പയുടെ ജപ്‌തി ഭീഷണി കർഷകർ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ രണ്ടുവർഷത്തെ കൃഷി നാശത്തിനുള്ള ഇൻഷുറൻസ് തുകയും കിട്ടാതെ വന്നതോടെ വലിയ സാമ്പത്തിക ഞെരുക്കത്തിലാണ് കർഷകർ.
മുഞ്ഞ ബാധിച്ച് ഉപ്പുവെള്ളം കയറി കൃഷി നാശം ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലും കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സ്ഥിതിയുണ്ട്. ഒരു ഏക്കറിന് 40 രൂപയിൽ നിന്ന് 100 രൂപയായി ഒറ്റയടിക്കാണ് ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചത്. ലക്ഷക്കണക്കിന് പണം ഇങ്ങനെ കിട്ടിയിട്ടും കൃഷിനാശത്തിന് ഇൻഷുറൻസ് തുക നൽകുന്നില്ല എന്നാണ് കർഷകരുടെ പരാതി. മുഞ്ഞ ബാധയും ഉപ്പുവെള്ളം കയറിയുള്ള കൃഷിനാശവും ഇൻഷുറൻസ് പരിധിയിൽ പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
പൂർണമായി കൃഷിനാശം ഉണ്ടായാലോ ഇൻഷുറൻസ് നൽകാനാകൂവെന്ന നിബന്ധന എടുത്തുകളയണമെന്നും കർഷകർ ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട് കാർഷിക വികസന സമിതി സെക്രട്ടറി പലവട്ടം സമരങ്ങൾ നടത്തിയിട്ടും സപ്‌ളൈക്കോയ്ക്ക് അനക്കമില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. കൃഷിയെ സംരക്ഷിക്കുന്ന നിലപാട് എടുക്കുമെന്ന് പറഞ്ഞ സർക്കാരിൽ നിന്നും അതുണ്ടാകുന്നില്ലായെന്നും ഇവര്‍ ആരോപിച്ചു.