വിളവിലൂടെ സ്വയം പര്യാപ്‌തത ; മുക്കം നഗരസഭയില്‍ രണ്ടാം ഘട്ട വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് തുടക്കം - മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-17943553-thumbnail-4x3-hdhdh.jpg)
കോഴിക്കോട് : വേനല്‍ക്കാലത്ത് കൃഷി ഇറക്കുന്നത് കേരളത്തിന്‍റെ പല ഭാഗങ്ങളിലും കാണുന്ന പതിവാണ്. തുടര്‍ച്ചയായി ഇത്തരത്തില്‍ എല്ലാവര്‍ഷവും കൃഷി ഇറക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. മുക്കം നഗരസഭയുടെ കീഴിലും വേനല്‍ക്കാല പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുകയാണിപ്പോള്‍.
രണ്ടാം ഘട്ട വേനൽക്കാല പച്ചക്കറി കൃഷിക്കാണ് മുക്കം നഗരസഭയില്‍ തുടക്കമായത്. വിവിധ സംഘങ്ങളുടെ കീഴിൽ നടക്കുന്ന രണ്ടാം ഘട്ട വേനൽക്കാല ക്ലസ്റ്റർ പച്ചക്കറി കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്. മുക്കം കുറ്റിപ്പാല സൗമ്യ കർഷക സംഘത്തിന്‍റെ വേൽക്കാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പച്ചക്കറി തൈകൾ നട്ടുകൊണ്ട് മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു.
സൗമ്യ കർഷക സംഘം പ്രസിഡന്‍റും കുറ്റിപ്പാല സ്വദേശിയുമായ ധ്രുവന്‍റെ വീടിനടുത്തുള്ള പറമ്പിലാണ് കൃഷി ഇറക്കിയത്. വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്യുന്നത്. നേരത്തെയും സംഘത്തിന് കീഴിൽ പച്ചക്കറി, കരനെല്ല് ഉൾപ്പടെയുള്ളവ കൃഷി ചെയ്‌തിരുന്നു. നടത്തിയ കൃഷികളില്‍ നിന്നെല്ലാം മികച്ച വിളവ് ലഭിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇക്കൊല്ലം വീണ്ടും വേനല്‍ക്കാല പച്ചക്കറി കൃഷി നടത്താന്‍ കര്‍ഷക സംഘം അംഗങ്ങള്‍ തീരുമാനിച്ചത്.
വേനൽക്കാല പച്ചക്കറി കൃഷി ഇറക്കുന്ന കർഷകർക്ക് പിന്തുണയുമായി നഗരസഭയും ഒപ്പമുണ്ട്. കര്‍ഷകര്‍ക്ക് ഒരു ഹെക്‌ടറിന് 25,000 രൂപ സബ്‌സിഡിയും ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ നിന്നും 25,000 രൂപയും വിത്ത്, വളം, കൂലി ചെലവ് എന്നിവയ്ക്കായി സബ്‌സിഡിയും നൽകുന്നുണ്ട്. കർഷകർക്ക് പ്രോത്സാഹനം നൽകി അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് മുക്കം കൃഷി ഓഫിസർ ടിൻസി പറഞ്ഞു.
സൗമ്യ കർഷക സംഘത്തിന്‍റെ വേനൽക്കാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ അഡ്വക്കേറ്റ് ചാന്ദിനി, നഗരസഭ കൗൺസിലർ അശ്വനി സനോജ്, മുക്കം കൃഷി ഓഫിസർ ടിൻസി, സൗമ്യ കർഷക സംഘം പ്രസിഡന്‍റ് ധ്രുവൻ തുടങ്ങിയവർ സംബന്ധിച്ചു.