നീരുറവയായി വെള്ളച്ചാട്ടങ്ങൾ... വേനലിൽ വരണ്ട് ഇടുക്കി ടൂറിസം മേഖല
🎬 Watch Now: Feature Video
ഇടുക്കി: ജില്ലയിൽ മലകയറിയെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നത് വലുതും ചെറുതുമായ നിരവധി വെള്ളച്ചാട്ടങ്ങളായിരുന്നു. എന്നാൽ വേനല്‍ ചൂടിന്‍റെ കാഠിന്യമേറിയതോടെ ഈ പ്രദേശമെല്ലാം നീരുറവകൾ മാത്രമായി മാറി. വരും ദിവസങ്ങളില്‍ വേനൽ ചൂട് കടുത്താൽ ദൃശ്യ മനോഹാരിത പകര്‍ന്ന് നല്‍കുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമാകും.
ഉയരങ്ങളിൽ നിന്ന് പതഞ്ഞൊഴുകിയെത്തി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ ഇടുക്കിയുടെ മനോഹാരിതയേയും അവിടേയ്‌ക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കുത്തുങ്കല്‍, തൂവല്‍, ശ്രീനാരായണപുരം, പവർ ഹൗസ്, ചിയാപാറ, വാളറ വെള്ളച്ചാട്ടം തുടങ്ങിയവ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളാണ്. എന്നാല്‍ വേനല്‍ ചൂടിന്‍റെ കാഠിന്യത്തില്‍ ഇവയെല്ലാം ഇന്ന് നേര്‍ത്തൊഴുകുകയാണ്.
പെരിയാറും മുതിരപ്പുഴയും വറുതിയുടെ പിടിയിലകപ്പെട്ടു. നിറഞ്ഞൊഴുകിയിരുന്ന പുഴകളില്‍ നീന്തി തുടിച്ച പരളും വാഴക്കാവരനും എല്ലാം ഒഴുക്ക് നിലച്ച വെള്ളത്തില്‍ വീര്‍പ്പു മുട്ടുകയാണ്. വേനല്‍ ചൂടിന്‍റെ കാഠിന്യം അനുദിനം ഏറുമ്പോള്‍ വേഴാമ്പലിനൊപ്പം ഇടുക്കിയും മഴയ്‌ക്കായി കാത്തിരിക്കുകയാണ്.
വിവധ ജില്ലകളിൽ വേനൽ ചൂട് കൂടിയ സാഹചര്യത്തിൽ സൂര്യാതപ ജാഗ്രത നിർദേശങ്ങൾ നൽകി കഴിഞ്ഞു. വരും ദിനങ്ങളില്‍ ചൂടിന്‍റെ കാഠിന്യം ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. നീരൊഴുക്ക് പൂർണമായും നിലക്കും. മത്സ്യങ്ങൾ ചത്ത് പൊങ്ങും. കുടിവെള്ളത്തിനായി മലയോരം വിയര്‍ക്കും. കുളിരുപകരുന്നൊരു വേനല്‍ മഴ പെയ്‌തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി ജില്ല.