പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഷോക്കേറ്റ് ചികിത്സയില്‍ - kerala news updates
🎬 Watch Now: Feature Video
തൃശൂര്‍ : ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷോക്കേറ്റ് താഴെ വീണ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചാലക്കുടി സ്വദേശിയായ ഷാജി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ട്രാന്‍സ്‌ഫോര്‍മറിലെ വൈദ്യുത ലൈനില്‍ തൊട്ടതോടെ ഷോക്കേറ്റ് യുവാവ് താഴെ വീഴുകയായിരുന്നു. വീഴ്‌ചയില്‍ തലയ്‌ക്ക് പരിക്കേറ്റ യുവാവ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് കെഎസ്‌ആര്‍ടിസി സ്റ്റാന്‍റില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയ ഉടന്‍ ഇയാള്‍ പൊലീസ് ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറുകയായിരുന്നു.
ഷാജിയ്‌ക്ക് ഷോക്കേറ്റതോടെ പൊലീസ് ചാലക്കുടി കെഎസ്‌ഇബിയില്‍ വിളിച്ച് വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ടു. ശരീരത്തില്‍ 15 ശതമാനം ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
കേരളത്തില്‍ നേരത്തെയും ആത്മഹത്യശ്രമം : ഏതാനും മാസം മുമ്പ് കേരളത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. പാറശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‌മയാണ് പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്‌തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി അണുനാശിനി കഴിച്ചാണ് ഗ്രീഷ്‌മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.