തിക്കോടി എഫ്‌സിഐ ഗോഡൗണില്‍ തൊഴിലാളിയുടെ ആത്മഹത്യാശ്രമം
🎬 Watch Now: Feature Video
കോഴിക്കോട് : തിക്കോടി എഫ്‌സിഐ ഗോഡൗണില്‍ തൊഴിലാളിയുടെ ആത്മഹത്യാശ്രമം. എഫ്‌സിഐയിലെ ലോറി ഡ്രൈവര്‍ മൂരാട് അന്‍വര്‍ മന്‍സിലില്‍ യാസര്‍ അറാഫത്താണ് (31) ആത്‌മഹത്യാശ്രമം നടത്തിയത്. ഇയാൾ ലോറിക്ക് മുകളില്‍ കയറി പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ കനത്ത പൊലീസ് സുരക്ഷയ്ക്കിടെയായിരുന്നു സംഭവം.
തിക്കോടി എഫ്‌സിഐയിൽ മാസങ്ങളായി തുടരുന്ന തൊഴിലാളി സമരത്തിനിടെയായിരുന്നു ആത്മഹത്യാശ്രമം നടന്നത്. പുതുതായി കരാറെടുത്ത ആളുടെ 17 ഓളം ലോറികള്‍ ഗോഡൗണില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യാസര്‍ അറാഫത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ പയ്യോളി പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.സി സുഭാഷ് ബാബു ലോറിക്ക് മുകളില്‍ കയറി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി താഴെ ഇറക്കി.
എഫ്‌സിഐയിലെ ചരക്ക് നീക്കാന്‍ പുതുതായി കരാര്‍ എടുത്തയാള്‍ നിലവിലെ ലോറികളെ ഒഴിവാക്കി പുതിയവ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം തുടങ്ങിയത്. ഇതിനിടെ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പടെ നിരവധി തവണ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിരുന്നില്ല.
പുതിയ കരാറുകാരനെതിരെ നേരത്തെ സമരത്തിലായിരുന്ന തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് തൊഴിലാളി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികളായ പതിനൊന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
പിന്നീട് പൊലീസ് സാന്നിധ്യത്തില്‍ കരാറുകാരന്‍റെ മുഴുവന്‍ ലോറികളെയും അകത്തേക്ക് കടത്തിവിട്ടു. നിലവില്‍ അറുപതോളം പേരാണ് ഇവിടെ ലോറി ജീവനക്കാരായിട്ടുള്ളത്. പയ്യോളി എസ്ഐ അരുണ്‍ മോഹന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.