Mass unification | ഏകീകൃത കുർബാന നടപ്പിലാക്കാൻ വത്തിക്കാൻ പ്രതിനിധി എത്തി; സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ സംഘർഷം - മാർപാപ്പ
🎬 Watch Now: Feature Video
എറണാകുളം: അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ സംഘർഷം. ഏകീകൃത കുർബാന നടപ്പിലാക്കാൻ വത്തിക്കാൻ പ്രതിനിധി, മാർ സിറിൽ വാസിൽ നേരിട്ടെത്തിയതോടെയാണ് സംഘർഷമുണ്ടായത്. ബസലിക്കയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ വിദേശിയായ മാർ സിറിൽ വാസിൽ അതിക്രമിച്ചു കയറി ക്രമസമാധാനം തകർക്കാനും കലാപം നടത്താനും ശ്രമിക്കുന്നുവെന്നാണ് വിശ്വാസികളിലൊരു വിഭാഗത്തിന്‍റെ ആരോപണം. അതിരൂപതയിൽ തുടർന്നു വരുന്ന ജനഭിമുഖ കുർബാനയ്ക്ക് പകരം, അൾത്താരാഭിമുഖ നടപ്പിലാക്കുന്നതിനെതിരെ വിശ്വാസികളിലൊരു വിഭാഗം കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതിഷേധം തുടർന്നു വരികയായിരുന്നു. ഏകീകൃത കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നത്തെ തുടർന്ന് സെന്‍റ് മേരീസ് ബസലിക്കയും കഴിഞ്ഞ എട്ട് മാസമായി അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ മാർപാപ്പയുടെ പ്രതിനിധിയായി മാർ സിറിൽ വാസിലിനെ നിയമിച്ചതായി സിറോ മലബാർ സഭ അറിയിച്ചത്. എന്നാൽ നിയമന ഉത്തരവില്ലന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെയും, ആൻഡ്രൂസ് താഴത്തിനെയും പിന്തുണയ്ക്കുന്ന മാർ സിറിൽ വാസിലിനെ അംഗീകരിക്കില്ലന്ന നിലപാടായിരുന്നു അൽമായ മുന്നേറ്റം, ബസ് ലിക്ക കൂട്ടായമ തുടങ്ങിയ വിശ്വാസികളുടെ സംഘടനകൾ സ്വീകരിച്ചത്. ഇതിനിടെയാണ് തിങ്കളാഴ്‌ച്ച(14.08.2023) വൈകുന്നേരം ആറര മണിയോടെ മാർ സിറിൽ വാസിൽ കുർബാന നടത്താൻ സെന്‍റ് മേരീസ് ബസലിക്കയിൽ എത്തിയത്. എന്നാൽ നേരത്തെ തന്നെ പള്ളിമുറ്റത്ത് പ്രതിഷേധം തുടരുകയായിരുന്ന വിശ്വാസികൾ പള്ളിയുടെ ഗേറ്റുകൾ ഉള്ളിൽ നിന്നും പൂട്ടിയിരുന്നു. സിറിൽ വാസിൽ ഗോബാക്ക് മുദ്രാവാക്യം വിളികളുമായി വിശ്വസികളിലൊരു വിഭാഗം പ്രതിഷേധം തുടർന്നതോടെ വത്തിക്കാൻ പ്രതിനിധിക്ക് പള്ളിയിൽ പ്രവേശിക്കാനായില്ല. ഇതോടെയാണ് പൊലീസ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ബസലിക്ക പള്ളിയുടെ പിൻഭാഗത്തെ ഗേറ്റ് വഴി മാർ സിറിൽ വാസിലിനെ പള്ളി അങ്കണത്തിലേക്ക് പ്രവേശിപ്പിച്ചത്. ബിഷപ്പിനെ തടയാൻ വിശ്വാസികൾ ശ്രമിച്ചതോടെ ബലപ്രയോഗത്തിലൂടെയായിരുന്നു അകത്ത് എത്തിച്ചത്. പലതവണ പൊലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വലയത്തിൽ പള്ളിക്ക് ഉള്ളിലെത്തിയ വത്തിക്കാൻ പ്രതിനിധി പ്രാർത്ഥന നടത്തിയാണ് മടങ്ങിയത്. ശക്തമായ പ്രതിഷേധത്തിനിടെ കുർബാനയർപ്പിക്കാൻ അദ്ദേഹം തയ്യാറാറിയില്ല. പൊലീസ് വലയത്തിൽ തിരിച്ച് പോവുകയായിരുന്ന ബിഷപ്പ് മാർ സിറിൽ വാസിലിന് നേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞു. ഏറെ പണിപ്പെട്ടാണ് ബിഷപ്പിനെ പൊലീസ് പുറത്തെത്തിച്ചത്. അതേസമയം, വത്തിക്കാൻ പ്രതിനിധിയെ പ്രവേശിപ്പിക്കാൻ തുറന്ന പള്ളിയിൽ അദ്ദേഹം മടങ്ങിയതിന് പിന്നാലെ പ്രതിഷേധിച്ച വിശ്വാസികൾ പ്രാർഥനകൾ നടത്തി. പൂട്ടിക്കിടന്ന പള്ളി തുറന്ന് കിട്ടിയെന്നായിരുന്നു ഇവരുടെ നിലപാട്. പടക്കം പൊട്ടിച്ചും തുടർച്ചയായി പള്ളി മണി മുഴക്കിയും അവർ ആഹ്ലാദം പ്രകടിപ്പിച്ചു. പ്രതിഷേധിച്ച വിശ്വാസികൾ ഇപ്പോഴും പള്ളിയിൽ തുടരുകയാണ്. അതേസമയം പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും, വിദേശിയായ ബിഷപ്പിന് വേണ്ടി തങ്ങളെ മർദ്ദിച്ചുവെന്നും അവർ ആരോപിച്ചു. ഈ വിഷയത്തിലുള്ള സർക്കാര്‍ നിലപാടിനെയും അവർ വിമർശിക്കുകയാണ്. മാർ സിറിൽ വാസിലിനെയും നിയുക്ത പള്ളി വികാരി ഫാ. ആന്റണി പൂതവേലിയെയും ബസിലിക്കയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബസിലിക്ക കൂട്ടായ്മയും അല്‍മായ മുന്നേറ്റവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വീണ്ടും ബസിലിക്കയിൽ എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ അതിന് പൂർണ ഉത്തരവാദി മാർ സിറിൽ വാസിലിനും കൂടെയുള്ള വൈദീകനും ആയിരിക്കുമെന്ന് പ്രതിഷേധിക്കുന്ന വിശ്വാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ രണ്ട് വിശ്വാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.