Nedumkandam Murder | ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് ; അന്വേഷണത്തിന് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 50 അംഗ സംഘം
🎬 Watch Now: Feature Video
ഇടുക്കി : നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. നാടൻ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തുനിന്നും വെടിവച്ചതാണെന്നാണ് പൊലീസ് കണ്ടെത്തൽ. കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം (15.08.2023) രാത്രി 11.30 ഓടെയാണ് സംഭവം. വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ സിനി അടുത്തുചെന്ന് നോക്കിയപ്പോള്‍ കിടക്കയില്‍ രക്തംവാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. മാത്രമല്ല മൃതദേഹത്തിൽ നിന്ന് നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗവും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്ന് തറച്ചുകയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തുനിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പൊലീസെത്തിയത്. അടുക്കള വാതിലിന് അഭിമുഖമായുള്ള ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി സംഘത്തലവനായ കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. എറണാകുളത്ത് നിന്ന് ബാലിസ്‌റ്റിക് സംഘവും ഫൊറൻസിക് സംഘവും എത്തിയ ശേഷം വിശദമായ പരിശോധന നടത്തും. മേഖലയിലെ നായാട്ടുസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.