Snow leopard birth | സിമ്പയും അമ്മയായി; ഡാർജിലിങ് മൃഗശാലയില്‍ വീണ്ടും സന്തോഷവാര്‍ത്ത - പദ്‌മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാർക്ക്
🎬 Watch Now: Feature Video
ഡാർജിലിംഗ്: മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഡാർജിലിങിലെ പദ്‌മജ നായിഡു ഹിമാലയന്‍ സുവോളജിക്കൽ പാർക്കില്‍ വീണ്ടും സന്തോഷ വാര്‍ത്ത. ഹിമപ്പുലി ഒരു കുഞ്ഞിന് ജന്മം നല്‍കിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. 13 വര്‍ഷവും മൂന്ന് മാസവും പ്രായമുള്ള സിമ്പയാണ് അമ്മയായിരിക്കുന്നത്. മൃഗശാല അധികൃതര്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഏറെ സന്തോഷം പകരുന്നതാണ് പുതിയ അതിഥിയുടെ വരവ്. ഹിമപ്പുലികളുടെ പിറവിയില്‍ ഈ വര്‍ഷം റെക്കോഡ് നേടിയിരിക്കുകയാണ് ഡാര്‍ജിലിങ് മൃഗശാല. മെയ് മാസത്തില്‍ റെ എന്നും മോര്‍ണിങ് എന്നും വിളിക്കുന്ന ഹിമപ്പുലികള്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. അഞ്ച് കുഞ്ഞുങ്ങളില്‍ രണ്ടെണ്ണം ബൈശാഖ മാസത്തില്‍ ജനിച്ചതിനാല്‍ ബൈശാഖിയെന്നും ഹിമാദ്രി എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഇതോടെ ഡാര്‍ജിലിങ് മൃഗശാലയിലുള്ള ഹിമപ്പുലികളുടെ എണ്ണം 15 ആയി ഉയര്‍ന്നു. ഒരേ വര്‍ഷം ആറ് കുഞ്ഞുങ്ങള്‍ ജനിച്ചതിന്‍റെ സന്തോഷത്തിലാണ് ഡാര്‍ജിലിങ് മൃഗശാല അധികൃതര്‍. ദുര്‍ഗ പൂജയ്‌ക്ക് മുമ്പ് റെയുടെയും മോര്‍ണിങിന്‍റെയും കുഞ്ഞുങ്ങളെ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുമെന്നാണ് വിവരം. ഹിമപ്പുലിയുടെ ജനനത്തില്‍ വനം വകുപ്പ് മന്ത്രി ജ്യോതിപ്രിയ മാലിക് സന്തോഷം അറിയിച്ച് എത്തിയിരുന്നു. 'കുഞ്ഞിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണണെന്ന് മൃഗശാല അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സമയത്തും ഒരു മൃഗ ഡോക്‌ടറെ കൂടി വിന്യസിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്'- ജ്യോതിപ്രിയ മാലിക് ഇടിവി ഭാരതിനോട് പറഞ്ഞു. 'അമ്മയും കുഞ്ഞും ആരോഗ്യത്തോടുകൂടെ ഇരിക്കുന്നു. കുഞ്ഞിന്‍റെ ലിംഗ നിര്‍ണയം ഇതുവരെ നടന്നിട്ടില്ല. 24 മണിക്കൂറും ഇവരെ നീരീക്ഷിക്കുന്നുണ്ട്'- മൃഗശാല ഡയറക്‌ടര്‍ ബസബരാജ് ഹോലെയാച്ചി പറഞ്ഞു.