ഇടുക്കിയിൽ റാബീസ് വാക്‌സിൻ ക്ഷാമം ; തമിഴ്‌നാടിന്‍റെ സൗജന്യ വാക്‌സിനെ ആശ്രയിച്ച് മലയോര മേഖല - Shortage of rabies vaccine in Idukki
🎬 Watch Now: Feature Video
ഇടുക്കി: ഹൈറേഞ്ചിലെ ആശുപത്രികളിൽ പേവിഷ ബാധയ്‌ക്കെതിരെയുള്ള റാബീസ് വാക്‌സിൻ ഇല്ലാതായിട്ട് മാസങ്ങൾ കഴിയുന്നു. തെരുവ് നായയുടെയോ വളർത്ത് മൃഗങ്ങളുടെയോ കടിയേറ്റാൽ തൊടുപുഴയിലെയോ തമിഴ്‌നാട്ടിലെയോ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയോര ജനത. ഗവൺമെൻ്റ് ആശുപത്രികളിൽ വാക്‌സിൻ ഉടനടി ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞത് ജലരേഖയായി മാറി.
മാസങ്ങൾക്ക് മുമ്പാണ് ഹൈറേഞ്ചിലെ ആശുപത്രികളിൽ പേവിഷബാധയ്ക്കുള്ള വാക്‌സിൻ അവസാനമായി എത്തിയത്. വാക്‌സിൻ ലഭ്യമല്ലാതെ വന്നതോടുകൂടി വളർത്തു മൃഗങ്ങളുടെ മാന്തലേറ്റാൽ പോലും പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്‌പ്പ് എടുക്കുവാൻ ഹൈറേഞ്ച് മേഖലയിലുള്ളവർ തൊടുപുഴയിൽ എത്തേണ്ട സാഹചര്യമാണ്. താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളജിലും പോലും വാക്‌സിൻ ഇല്ലെന്നാണ് മറുപടി.
കഴിഞ്ഞ ആറുമാസത്തിനിടെ ഹൈറേഞ്ചിലെ വിവിധ ഇടങ്ങളിലായി നിരവധി പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അതുപോലെ തന്നെ വളർത്തു മൃഗങ്ങളിൽ നിന്നും പരിക്കേറ്റവരും നിരവധിയാണ്. ഇടുക്കിയുടെ തൊട്ടടുത്ത പ്രദേശമായ കമ്പം എത്തിയാൽ തമിഴ്‌നാട് സർക്കാർ സൗജന്യമായി മെഡിസിൻ നൽകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
ആരോഗ്യരംഗത്ത് വൻ കുതിച്ചുചാട്ടം ആണെന്ന് പറയുമ്പോഴും മനുഷ്യ ജീവന് തന്നെ അപകടകരമാകുന്ന പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിൻ ഗവൺമന്‍റ് ആശുപത്രികളിൽ എത്തിക്കുവാൻ അധികൃതർ മടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതേസമയം വാക്‌സിൻ എത്തിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ ആണെന്നും ഉടൻ തന്നെ വാക്‌സിൻ ഗവൺമെന്‍റ് ആശുപത്രികളിൽ എത്തിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്