Saraswati River overflow: അതിശക്തമായ മഴ, ഗുജറാത്തിൽ ക്ഷേത്രത്തിന് മുകളിലൂടെ നിറഞ്ഞൊഴുകി സരസ്വതി നദി - ബിപർജോയ് ചുഴലിക്കാറ്റ്
🎬 Watch Now: Feature Video
ഗാന്ധിനഗർ : ഗുജറാത്തിലെ ബനസ്‌കന്തയിൽ ക്ഷേത്രത്തിന് മുകളിലൂടെ കര കവിഞ്ഞൊഴുകി സരസ്വതി നദി. ഇന്ന് രാവിലെയാണ് കോടേശ്വർ മഹാദേവ് ക്ഷേത്രത്തിന് മുകളിലൂടെ നദി കര കവിഞ്ഞൊഴുകിയത്. ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ ആഞ്ഞടിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.
ഇതേ തുടർന്നാണ് സരസ്വതി നദി കര കവിഞ്ഞൊഴുകിയത്. തുടർന്ന് മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ജൂൺ 15നാണ് ബിപർജോയ് ഗുജറാത്ത് തീരം തൊട്ടത്. തുടർന്ന് അർധരാത്രി വരെ നീണ്ടു നിന്ന കാറ്റിന്‍റെ പ്രഭാവത്തിൽ നിരവധി നാശനഷ്‌ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്.
ഒരു ലക്ഷത്തോളം പേരെയാണ് സംസ്ഥാന ഭരണകൂടം സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. വൈദ്യുതി വിതരണം, റോഡുകൾ, കുടിവെള്ളം, ആശയവിനിമയം തുടങ്ങിയ മേഖലകളിലെ നാശനഷ്‌ടങ്ങൾ സർക്കാർ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ചുഴലിക്കാറ്റ് ദുർബലമായെങ്കിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
വീടുകൾ തകർന്നതുൾപ്പടെയുള്ള നാശനഷ്‌ടങ്ങൾക്ക് സർക്കാർ ഉടനെ തന്നെ നഷ്‌ടപരിഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് രാജസ്ഥാനിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത മഴ നൽകുന്നുണ്ടെങ്കിലും പൊതുവെ ദുർബലമാണ്.