എഴുതാനറിയില്ല, പക്ഷേ പാടാനറിയാം, നെഞ്ചിനുള്ളിലെ ആധികൾ ഈരടികളാക്കി സർക്കാരിന്‍റെ കരുണ തേടി സരസമ്മ

🎬 Watch Now: Feature Video

thumbnail

ഇടുക്കി : പരാതികളുടെ കൂമ്പാരത്തിന് നടുവിൽ കൗതുകമായി അക്ഷരമറിയാത്ത സരസമ്മയുടെ കവിത. വന്യജീവി ആക്രമണങ്ങളെക്കുറിച്ചും തങ്ങൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും സരസമായി സരസമ്മ ഈരടികൾ ആലപിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് അത് പുതുമയായി. ഉടുമ്പൻചോല താലൂക്ക് പരാതി പരിഹാര അദാലത്തിലാണ് പൂപ്പാറ സ്വദേശി തൊഴുത്തിങ്കൽ സരസമ്മ തന്‍റെ ജീവിത ദുരിതങ്ങളെക്കുറിച്ച് കവിത ചൊല്ലിയത്.

'ആന ചിന്നം വിളിച്ചു, ജനങ്ങൾ ഭയന്ന് അലറിക്കരഞ്ഞു..' എന്ന് തുടങ്ങുന്ന ഈരടിയ്‌ക്ക്‌ പിന്നിൽ സ്വന്തം വീടിന്‍റെ മേൽക്കൂര കുരങ്ങന്മാർ തകർത്തതിന്‍റെ കഥയും സരസമ്മയ്‌ക്ക് പറയാനുണ്ട്. തകർന്ന മേൽക്കൂരയിലൂടെ അകത്തുകയറി കുരങ്ങന്മാർ ഭക്ഷണ വസ്‌തുക്കൾ തിന്നും. പുറത്തുപോയി തിരിച്ചെത്തുമ്പോഴേക്കും പാത്രങ്ങൾ കാലിയാക്കും. വീടിന്‍റെ മേൽക്കൂര നശിച്ചതോടെ വീടിനു സമീപം പടുത കൊണ്ട് ഷെഡ് കെട്ടി അവിടെയാണ് സരസമ്മയും മകനും രാത്രിയിൽ കിടന്നുറങ്ങുന്നത്.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നന്നാക്കി നൽകണമെന്ന ആവശ്യവുമായാണ് സരസമ്മ അദാലത്തിലെത്തിയത്. പരാതിയിൽ പരിഹാരമുണ്ടാകുമെന്ന മന്ത്രിമാരുടെ ഉറപ്പ് ലഭിച്ചപ്പോഴാണ് സരസമ്മ അദാലത്തിന്‍റെ ഹെൽപ്പ് ഡെസ്‌കിന് മുന്നിൽ മധുരമായി തന്‍റെ വേദനകൾ ചൊല്ലിയത്. മകൻ രാഹുലും അമ്മയോടൊപ്പം പരാതി പരിഹാര അദാലത്തിലെത്തിയിരുന്നു.

എഴുത്തും വായനയും അറിയാത്ത സരസമ്മ കൂലിപ്പണി കഴിഞ്ഞ് രാത്രിയിൽ വീട്ടിലിരുന്ന് ഈണത്തിൽ കവിതകൾ ചൊല്ലും. മകൻ രാഹുൽ ആ കവിതകൾ എഴുതിയെടുക്കും. അമ്മ കവിത ചൊല്ലുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനായി രാഹുൽ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തന്നെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.