ചിറയിൻകീഴ് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു; യാത്രക്കാർ സുരക്ഷിതർ - ബസ് പൂർണമായും കത്തി നശിച്ചു
🎬 Watch Now: Feature Video
തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.
39 യാത്രക്കാരാണ് സംഭവ സമയത്ത് ബസിലുണ്ടായിരുന്നത്. അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്‌തു. പിന്നാലെ ഞൊടിയിടയ്‌ക്കുള്ളിൽ ബസിന് തീ പടർന്നുപിടിക്കുകയായിരുന്നു.
ആറ്റിങ്ങൽ, വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ആറ്റിങ്ങൽ ഡിപ്പോയിലേതാണ് അപകടത്തിൽ പെട്ട ബസ്.
നീലേശ്വരത്തും തീപിടിത്തം: നേരത്തെ നീലേശ്വരം ചായ്യോത്ത് വൈക്കോൽ കയറ്റി വന്ന ലോറിക്കും തീപിടിച്ചിരുന്നു. റോഡരികിലെ വൈദ്യുത കമ്പിയിൽ തട്ടിയാണ് തീപിടിച്ചത്. നീലേശ്വരത്ത് നിന്നും കാഞ്ഞിരപ്പൊയിലേക്ക് വൈക്കോൽ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ ഒത്തുകൂടി ലോറിയിൽ നിന്ന് തീപിടിച്ച വൈക്കോലുകൾ നീക്കം ചെയ്‌തു. നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണമാണ് ലോറിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാത്തത്. പിന്നാലെ അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നു.