കൊല്ലം നഗരമധ്യത്തില്‍ വന്‍ മോഷണം; 27 പവൻ്റെ സ്വർണാഭരണങ്ങള്‍ മോഷണം പോയി, സംഭവം വീട്ടുകാര്‍ സെക്കൻഡ് ഷോയ്‌ക്ക് പോയ സമയത്ത് - ധീരജ് രവി
🎬 Watch Now: Feature Video
കൊല്ലം: നഗരമധ്യത്തിൽ വൻമോഷണം. അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസെത്തി തെളിവുകൾ ശേഖരിച്ചു.
ധീരജ് രവിയും കുടുംബവും കഴിഞ്ഞ ദിവസം സെക്കൻഡ് ഷോ സിനിമ കാണാൻ പോയ സമയത്താണ് തേവള്ളിയിലെ ഇവരുടെ വീടായ ഗൗരി ശിവത്തിൽ മോഷണം നടന്നത്. വീടിൻ്റെ പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്നാണ് മോഷ്‌ടാക്കൾ എത്തിയത്. വീടിൻ്റെ രണ്ടാം നിലയിലെത്തിയ മോഷ്‌ടാക്കൾ പിൻവാതിലിൻ്റെ പൂട്ടുകൾ തകർത്താണ് അകത്തുകയറിയത്. വീടിനുള്ളിൽ കടന്ന മോഷ്‌ടാക്കൾ താഴെത്തെ നിലയിലെത്തി കിടപ്പുമുറിയുടെ വാതിലും തകർത്ത് മുറിക്കുള്ളിൽ പ്രവേശിച്ചാണ് ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നത്.
27 പവൻ്റെ സ്വർണാഭരണങ്ങളാണ് ധീരജിൻ്റെ വീട്ടിൽ നിന്നും മോഷ്‌ടാക്കൾ അപഹരിച്ചത്. സിനിമ കണ്ട് തിരികെ വീട്ടിലെത്തിയ ധീരജ് രവിയും കുടുംബവും വീടിനുള്ളിൽ കയറിയതിന് ശേഷമാണ് മോഷണ വിവരമറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന തുണികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സമീപത്തായി നിരവധി വീടുകളുള്ള പ്രദേശമാണിത്. മാത്രമല്ല സിറ്റി പൊലീസ് കമ്മിഷണറുടെ ക്യാമ്പ് ഓഫീസിന് അകലെയാണ് മോഷണം നടന്നത്. കൂടാതെ മോഷണം നടന്ന വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കൊല്ലം വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ഈ പ്രദേശങ്ങളിൽ മോഷണങ്ങൾ നടക്കുന്നത് അപൂർവമായിട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും, വിരലടയാള വിദഗ്‌ദരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവ് തോപ്പിൽ രവിയുടെ മകനാണ് ധീരജ് രവി.