സിഗ്നലിൽ നിർത്തിയിട്ട എട്ട് വാഹനങ്ങളിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് പേർക്ക് പരിക്ക് - അപകടം പുതുക്കാട്
🎬 Watch Now: Feature Video
തൃശൂർ: ദേശീയപാത പുതുക്കാട് സിഗ്നൽ ജങ്ഷനിൽ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ടോറസ് ലോറി പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ടോറസ് ലോറിയും നാല് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്‌കൂട്ടറും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ടോറസ് ലോറി സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. അപകടത്തിൽ വാഹനങ്ങൾ തകർന്നു.
ലോറി ഡ്രൈവറെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പുതുക്കാട് ഫയർഫോഴ്‌സ് എത്തി റോഡ് ശുചീകരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയുടെ ഒരു ഭാഗത്ത് ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. ഇതിനിടെ ഗതാഗക്കുരുക്കിൽപ്പെട്ട് ഒരു ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.