തലസ്ഥാന നഗരിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്കൊരു കൈത്താങ്ങ്; പുനരധിവാസ പദ്ധതിയുമായി സാമൂഹ്യ പ്രവർത്തകർ - പുനരധിവാസ പദ്ധതിയുമായി സാമൂഹ്യ പ്രവർത്തകർ

🎬 Watch Now: Feature Video

thumbnail

By

Published : Apr 2, 2023, 1:50 PM IST

തിരുവനന്തപുരം: തലസ്ഥാനത്തേക്ക് എത്തുന്നവരുടെ കണ്ണിൽ ആദ്യം പതിയുന്ന കാഴ്‌ചകളിൽ ഒന്നാണ് തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അശരണര്‍. നഗരത്തിൽ ഏറ്റവും കൂടുതൽ യാചകരുള്ളതും ഒരു പക്ഷേ തമ്പാനൂർ ഭാഗത്ത് തന്നെയാകും. ഇപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷന്‍റെ അഭിമുഖ്യത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അനാഥർക്ക് ആശ്രയം ഒരുക്കുകയാണ് ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ.

മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ തെരുവോരം മുരുകനോടൊപ്പം തെരുവിൽ അലയുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കാനായി പാലക്കാട്‌ ആരംഭിച്ച പൊലീസ് അക്ഷയ പാത്രം എന്ന വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം അഡിഷണൽ റൂറൽ എസ്‌പി എം കെ സുല്‍ഫിക്കറാണ് പൊലീസിന്‍റെ സഹകരണവും ഉറപ്പാക്കിയത്.  

നിരവധി ആക്‌ടിവിസ്റ്റുകളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു കൊണ്ട് മൂന്ന് ദിവസമായാണ് നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നത്. തെരുവിൽ അലയുന്നവരിൽ പലരും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് വേണ്ട വൈദ്യസഹായം നൽകുന്നതാണ് പുനരധിവാസത്തിന്‍റെ ആദ്യപടി.

ഇവരിൽ പലരും കുടുംബങ്ങള്‍ ഉപേക്ഷിച്ചവരാണ്. തെരുവിലേക്ക് തന്നെ മടങ്ങണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. തെരുവിൽ അലയുന്നവരുടെ പുനരധിവാസത്തിനായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്‍റും അന്തരിച്ച നടനുമായ ഇന്നസെന്‍റ് കൈമാറിയ ആംബുലൻസാണ് ഉപയോഗിക്കുന്നത്.

തിരുവനന്തപുരത്ത് ആരംഭിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ. ഈ പ്രവർത്തനങ്ങൾക്കിടെ കാണാതായവരെ കണ്ടെത്തിയ സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുള്ളതിനാൽ കോടതിയിൽ ഹാജരാക്കിയ ശേഷമാകും അനാഥ മന്ദിരങ്ങളിലേക്ക് ഇവരെ മാറ്റി പാർപ്പിക്കുക. 

തിരുവനന്തപുരത്തെ പോലെ തന്നെ എല്ലാ ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നതിനായി പൊലീസിന്‍റെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണം തേടുകയാണ് സാമൂഹ്യ പ്രവർത്തകരുടെ ഈ കൂട്ടായ്‌മ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.