ഇന്ത്യയിൽ കണ്ടെത്തുന്നത് 13 വർഷത്തിന് ശേഷം ; കൗതുകമുണർത്തി 'സിചുവാൻ ടാക്കിൻ' - Sichuan Takin has appeared in Arunachal Pradesh
🎬 Watch Now: Feature Video
തവാങ്:അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ, സിചുവാൻ ടാക്കിൻ Sichuan Takin (ബുഡോർകാസ് ടാക്‌സികളർ) എന്നറിയപ്പെടുന്ന അപൂർവയിനം ആടിനെ കണ്ടെത്തി. ആകർഷണീയമായ കൊമ്പുകളുള്ള വലിയ ഇനത്തിൽപ്പെട്ട ആടിനെ 13 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ കണ്ടെത്തുന്നത്. 2009ൽ കിഴക്കൻ ഹിമാലയൻ പ്രവിശ്യയിലെ യിങ്‌കിയോങ്ങിലാണ് ഇന്ത്യയിൽ ആദ്യമായി സിചുവാൻ ടാക്കിനെ കണ്ടെത്തിയത്. സാധാരണയായി ടിബറ്റിലും ചൈനയിലെ സിചുവാൻ, ഗാൻസു, സിൻജിയങ് പ്രവിശ്യകളിലുമാണ് ഈ ആടുകളെ കണ്ടുവരുന്നത്. ടിബറ്റൻ, ഭൂട്ടാൻ ഭാഗങ്ങളിൽ കണ്ടുവരുന്ന ടാക്കിന്‍റെ ഒരു ഉപജാതിയാണ് സിചുവാൻ ടാക്കിൻ. ജൂലൈ 22, 23 തീയതികളിൽ യുസും ഗ്രാമത്തിന് സമീപമുള്ള തവാങ്-ചു നദിക്കരയിലും പിന്നീട് ഈ പ്രദേശത്തെ ഹൈവേയിലുമാണ് ആടിനെ കണ്ടത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതിന് പിന്നാലെ തവാങ് വനംവകുപ്പ് ഉദ്യോഗസ്ഥർ സിചുവാൻ ടാക്കിനായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു. മൃഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ നാട്ടുകാർ ശേഖരിച്ച ഫോട്ടോഗ്രാഫുകളും വീഡിയോകളുമാണ് വകുപ്പ് ആശ്രയിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫിസർ തേജ് ഹനിയ പറഞ്ഞു. അതേസമയം ആടിനെ അരുണാചൽ പ്രദേശിൽ വീണ്ടും കണ്ടെത്തിയതോടെ പ്രദേശത്ത് കൂടുതൽ സംരക്ഷണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ് അധികൃതർ.