റാപ്പിഡോ ഡ്രൈവർ അപമര്യാദയായി പെരുമാറി; യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് എടുത്ത് ചാടി - woman jumps from moving bike in Bengaluru
🎬 Watch Now: Feature Video
ബെംഗളൂരു: റാപ്പിഡോ ബൈക്ക് ഡ്രൈവർ അപമര്യദയായി പെരുമാറിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് എടുത്തുചാടി യുവതി. ഏപ്രിൽ 21ന് ബെംഗളൂരു യെലഹങ്ക ബിഎംഎസ് കോളജിന് സമീപമാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ ബൈക്ക് ഡ്രൈവർ ദീപക് റാവുവിനെ (27) പൊലീസ് അറസ്റ്റ് ചെയ്‌തു.
ഏപ്രിൽ 21ന് രാത്രി 11 മണിയോടെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാനായാണ് യുവതി റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്‌തത്. തുടർന്ന് സ്ഥലത്തെത്തിയ പ്രതി യുവതി ആവശ്യപ്പെട്ട റൂട്ടിൽ പോകാതെ ദൊഡ്ഡബല്ലാപൂർ റോഡിലേക്ക് ബൈക്ക് തിരിച്ചു. ബൈക്ക് നിർത്താൻ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂടുതൽ വേഗത്തില്‍ ബൈക്ക് ഓടിച്ചു.
ഇതോടെ ആശങ്കയിലായ യുവതി ബിഎംഎസ് കോളജിന് മുന്നിലെത്തിയതോടെ ബൈക്കിൽ നിന്ന് ചാടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കോളജിലെ സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വീഴ്‌ചയിൽ യുവതിയുടെ കൈകൾക്കും കാലുകൾക്കും നിസാര പരിക്കേറ്റു.
തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. അതേസമയം മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.