സർക്കാരിന്‍റെ പ്രവർത്തനത്തിൽ സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും അസംതൃപ്‌തി; രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
തിരുവനന്തപുരം: കർണാടകത്തിൽ ആറ് സീറ്റിൽ കോൺഗ്രസിന് എതിരെ ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിന്‍റെ സാഹചര്യം മുന്നിലുള്ളപ്പോൾ എന്തിന് പിണറായി വിജയനെ കർണാടകയിൽ ക്ഷണിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ കോൺഗ്രസിന്‍റെ തേരോട്ടം ആരംഭിച്ചിരിക്കുകയാണെന്നും ചെങ്കോട്ടയിൽ ത്രിവർണ കൊടി നാട്ടിയാകും ഇത് അവസാനിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അസംതൃപ്‌തിയാണ് ഈ സർക്കാരിന്‍റെ പ്രവർത്തനം. ഏഴ് വർഷമായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നു എന്നല്ലാതെ വേറൊന്നും ചെയ്യുന്നില്ല. കെഎസ്ആർടിസിയിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിൽ ശമ്പളം പോലും നേരെ കൊടുക്കാൻ കഴിയുന്നില്ല.
രേഖകൾ ഇല്ലാതെ യാതൊരു അഴിമതിയും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടില്ല. കേരളത്തിന്‍റെ വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് ചവറ്റു കൊട്ടയിൽ ഇടേണ്ട റിപ്പോർട്ടാണ്. കോടാനുകോടി രൂപ സ്വന്തക്കാർക്ക് ലഭ്യമാക്കാനുള്ള നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. അഴിമതിയല്ലാതെ മറ്റെന്താണ് ഇത്.
ഏറ്റവും തല്ലിപ്പൊളി ഇ പോസ് മെഷീൻ കമ്മിഷൻ വാങ്ങി ഇവിടെ കൊണ്ട് വന്നിരിക്കുന്നു. സെർവറിന്‍റെ പ്രശ്‌നമല്ല കാര്യം. ഇവിടെ എന്ത് അഴിമതി ഉണ്ടായാലും മുഖ്യമന്ത്രിക്ക് പ്രശ്‌നമല്ല. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് പോലും മുഖ്യമന്ത്രിക്ക് മറുപടി പറയാൻ താത്‌പര്യമില്ല. കർണാടകത്തിലെ തെരഞ്ഞെടുപ്പ് ഭാവിയിലെ ഇന്ത്യയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രതിഫലനമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.