ജി20 വേദിയിൽ മുഴങ്ങി 'നാട്ടു നാട്ടു'; രാം ചരണിനൊപ്പം ചുവടുവച്ച് കൊറിയൻ അംബാസഡർ
🎬 Watch Now: Feature Video
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് (ടിഡബ്ല്യുജി) മീറ്റിംഗിലേക്ക് കണ്ണുനട്ട് ലോകം. ചലച്ചിത്ര താരം രാം ചരണും ടിഡബ്ല്യുജിയിൽ പങ്കെടുക്കുന്നുണ്ട്. മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ ആർആർആർ ചിത്രത്തിലെ 'നാട്ടു നാട്ടു'വിനൊപ്പം വേദിയില്‍ താരം ചുവടുവെച്ചു. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജേ-ബോക്കിനൊപ്പമാണ് താരം നൃത്തം ചെയ്‌തത്.
കൊറിയന്‍ അംബാസിഡറെ താരം സ്‌റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ വൈറലാണ്. കശ്‌മീരിലെ ഷൂട്ടിംഗ് അനുഭവവും ആർആർആർ താരം പ്രതിനിധികളുമായി പങ്കുവച്ചു. ടൂറിസം ഫോർ ഇക്കണോമിക് ഗ്രോത്ത് ആൻഡ് കൾച്ചറൽ പ്രിസർവേഷൻ ചർച്ചയ്ക്കിടെയാണ് താരം അനുഭവങ്ങൾ പങ്കുവച്ചത്. ജമ്മു കശ്‌മീർ മാന്ത്രിക സ്ഥലമാണെന്ന് പറഞ്ഞ താരം കശ്‌മീരിനെ പൂർണമായറിയാൻ ഇനിയും 95 വർഷമെടുക്കുമെന്നും പറഞ്ഞു.
"ഞങ്ങൾ കശ്‌മീരിനെ സ്നേഹിക്കുന്നു. വളരെ മനോഹരമായ സ്ഥലമാണിത്. ജി 20 മീറ്റിംഗ് നടത്താൻ തിരഞ്ഞെടുത്ത ഏറ്റവും മികച്ച സ്ഥലമാണ് കശ്‌മീർ", രാം ചരൺ വ്യക്തമാക്കി. ഇതാദ്യമായാണ് ജമ്മു കശ്‌മീരിലെ മനോഹര ഭൂമിക ജി20 ഉച്ചകോടിക്ക് വേദിയാകുന്നത്. അതേസമയം, സംവിധായകൻ ശങ്കറിന്‍റെ പുതിയ ചിത്രം 'ഗെയിം ചേഞ്ചറി'ൽ നായകനാണ് രാം ചരൺ. കിയാര അദ്വാനിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.