Kasaragod Rain| കടല്‍ കലിതുള്ളുന്നു; വീരമലകുന്നിലെ മണ്ണിടിച്ചിലില്‍ ജനം ആശങ്കയില്‍
🎬 Watch Now: Feature Video
കാസർകോട്: കനത്ത മഴയെ തുടര്‍ന്ന് കാസർകോട് ജില്ലയിലെ തീരദേശ മേഖലകളില്‍ കടൽ ക്ഷോഭം രൂക്ഷം. തൃക്കണ്ണാട്, മംഗൽപ്പാടി എന്നിവിടങ്ങളില്‍ കടൽ ക്ഷോഭം ശക്തമായതിന് പിന്നാലെ തീരദേശ മേഖലകളിലെ വീടുകളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഭാഗികമായി കടലെടുത്ത രണ്ട് വീടുകള്‍ പൂര്‍ണമായും നശിച്ചു.
പെരിങ്കടി കടപ്പുറത്തുണ്ടായ കടല്‍ ക്ഷോഭത്തില്‍ തീരത്തുണ്ടായിരുന്ന നിരവധി കാറ്റാടി മരങ്ങള്‍ കടപുഴകി വീണു. കടല്‍ തീരത്തുള്ള റോഡുകളിലും വെള്ളം കയറി. മേഖലകളില്‍ നിന്നും കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
ഭീതിയായി വീരമലകുന്നിലെ മണ്ണിടിച്ചില്‍: ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി ഇടിച്ച വീരമലക്കുന്നിന്‍റെ വശങ്ങൾ വീണ്ടും ഇടിയുകയാണ്. ഇതേ അവസ്ഥ തുടർന്നാൽ ദേശീയപാതയിലേക്ക് മണ്ണ് വീണ് ഗതാഗതം പൂർണമായും തടസപ്പെടും. ദേശീയപാതയുടെ വികസനം നടക്കുമ്പോൾ വീരമലയുടെ ചെറിയൊരു ഭാഗം ഇടിച്ച് നിരത്തുമെന്നായിരുന്നു എല്ലാവരുടെയും കണക്ക് കൂട്ടൽ. എന്നാൽ മലയുടെ മുൻ ഭാഗം പാതിയിലേറെയും ഇടിച്ച് നിരത്തിയത് ജനങ്ങളെ ആശങ്കയിലാക്കുന്നു.
ദേശീയ പാത വികസനത്തിനായി അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്തിന് പുറമെ വീരമലകുന്നില്‍ നിന്നും കൂടുതല്‍ മണ്ണെടുക്കുന്നതായും നാട്ടുകാര്‍ പറയുന്നു. തീരദേശ മേഖലകളിലെ ജനങ്ങള്‍ ആശങ്കയിലാണ്. വെള്ളവും മണ്ണും ജനവാസ മേഖലയിലേക്ക് ഒഴുകി വരുന്ന സാഹചര്യവും ഉണ്ട്. കടല്‍വെള്ളം റോഡിലേക്ക് കയറിയതോടെ വാഹനങ്ങളും ഏറെ ഭീതിയോടെയാണ് കടന്നു പോകുന്നത്.