അധ്യാപനം ഉപേക്ഷിച്ച് അലങ്കാര ചെടികളുടെ പൂക്കാലമൊരുക്കി യുവ കര്‍ഷകന്‍ - Ornamental plant farmer in Idukki
🎬 Watch Now: Feature Video
ഇടുക്കി: പ്രവാസ ജീവിതവും അധ്യാപനവും ഉപേക്ഷിച്ച്, കൃഷിയില്‍ വ്യാപൃതനായ ഒരു യുവ കര്‍ഷകനുണ്ട് ഇടുക്കിയില്‍. അലങ്കാര ചെടികളെ പരിപാലിച്ച്, നേട്ടം കൊയ്യുന്ന, നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയായ ഹാഷിം മൊയ്‌തീന്‍. കൊവിഡ് ലോക്‌ഡൗണ്‍ കാലഘട്ടത്തിലാണ്,ഹാഷിം ചെടി പരിപാലനത്തെ വരുമാന മാര്‍ഗമാക്കി മാറ്റിയത്.
ഹാഷിമിന്‍റെ വീട്ട് മുറ്റത്തിപ്പോള്‍ ജേഡ് വൈനിന്‍റെ പൂക്കാലമാണ്. ഇളം നീല കലര്‍ന്ന ജേഡ് വൈന്‍ പൂ കുലകള്‍, വിസ്‌മയ കാഴ്‌ച നല്‍കും. എംബിഎ ബിരുദ ദാരിയായ ഹാഷിം മുന്‍പ് ഗള്‍ഫിലായിരുന്നു. തിരികെ നാട്ടിലെത്തിയ ശേഷം മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് അധ്യാപനത്തിലേക്ക് തിരിഞ്ഞു.
കൊവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനായതോടെയാണ്, ചെടിപരിപാലനം കൂടതല്‍ കാര്യക്ഷമമാക്കിയത്. വീട്ടുമുറ്റത്തും കാര്‍പോര്‍ച്ചിലുമൊക്കെ വിവിധ ഇനം ചെടികള്‍ നിറഞ്ഞതോടെ കുറച്ച് ചെടികള്‍ വില്‍ക്കാന്‍ അമ്മ നിര്‍ബന്ധിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതോടെ, നിരവധി ആവശ്യക്കാരാണ് ഹാഷിമിനെ തേടിയെത്തിയത്.
ഇതോടെ ചെടികളുടെ വിത്തുകളും തൈകളും ഉത്പാദിപ്പിച്ച് വില്‍ക്കാന്‍ ആരംഭിച്ചു. നിലവില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെടി പ്രേമികള്‍ ഓണ്‍ലൈനായും അല്ലാതെയും ഹാഷിമിനെ തേടി എത്താറുണ്ട്. ഫിലിപ്പൈന്‍സ്, ഇന്‍ഡോനേഷ്യ, അമേരിക്ക, തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച അപൂര്‍വ്വ ഇനം ചെടികള്‍ ഹാഷിമിന്‍റെ ശേഖരത്തില്‍ ഉണ്ട്.