Oommen Chandy| 'കുഞ്ഞൂഞ്ഞിനെ പോലെ ഇനി ഞങ്ങള്‍ക്കാരുമില്ല': ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വികാരഭരിതരായി പുതുപ്പള്ളിക്കാര്‍ - kerala news updates
🎬 Watch Now: Feature Video

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ സ്വന്തം നാടായ പുതുപ്പള്ളിയിലെ ജനങ്ങള്‍. ഉമ്മന്‍ ചാണ്ടിയെന്നാല്‍ ഓരോ പുതുപ്പള്ളിക്കാരുടെയും വികാരമാണ്. പുതുപള്ളിയില്‍ ആരൊക്കെ വന്നാലും തങ്ങളുടെ കുഞ്ഞൂഞ്ഞിനെ പോലെ ഒരാളെ തങ്ങള്‍ക്ക് ഇനി ലഭിക്കില്ലെന്ന് നാട്ടുകാര്‍. രാവിലെ കേട്ട അദ്ദേഹത്തിന്‍റെ വിയോഗം ഏറെ വേദനിപ്പിച്ചുവെന്നും പ്രദേശവാസിയായ എന്‍എം എബ്രാഹാം പറഞ്ഞു. നിരവധി കാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഭക്ഷണം പോലും കഴിക്കാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും ഓര്‍മകള്‍ പങ്ക് വച്ച് നാട്ടുകാരന്‍ കൂടിയായ കുഞ്ഞുമോന്‍ പറഞ്ഞു. താങ്ങായി ഇതു പോലൊരു നേതാവ് ഇനിയുണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ സങ്കടമെന്നും കുഞ്ഞുമോന്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 4.25നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. ഏറെ നാളായി അര്‍ബുദ ബാധിതനായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ആരോഗ്യ നില വഷളാവുകയും പുലര്‍ച്ചെയോടെ മരിക്കുകയുമായിരുന്നു.