Puthuppally Byelection | 'ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചത് അസാധാരണ നടപടി'; മാറ്റിവയ്‌ക്കാന്‍ കമ്മിഷന് കത്തയക്കുമെന്ന് വിഎന്‍ വാസവന്‍ - VN Vasavan on puthuppally election date change

🎬 Watch Now: Feature Video

thumbnail

By

Published : Aug 10, 2023, 4:25 PM IST

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അസാധാരണ നടപടിയെന്ന് മന്ത്രി വിഎന്‍ വാസവന്‍. വോട്ടർ പട്ടിക ജൂലൈ ഒന്ന് വരെയുള്ളത് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന കമ്മിഷന്‍റെ നിര്‍ദേശം വോട്ടവകാശ നിഷേധമാണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വിഎൻ വാസവനും എല്‍ഡിഎഫ് നേതാക്കളും. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇലക്ഷൻ കമ്മിഷനെ സമീപിക്കും. പുതിയ വോട്ടർമാരുടെ വോട്ടവകാശം നിഷേധിച്ചത് പ്രതിഷേധാർഹമാണ്. ഓൺലൈനിലൂടെയും മറ്റും വോട്ടര്‍ പട്ടികയ്ക്ക് അപേക്ഷകൾ അയച്ച നിരവധി പേർക്ക് ഇത്തവണ വോട്ടവകാശം ലഭിച്ചിട്ടില്ല. യുവാക്കളിൽ നല്ലൊരു ശതമാനം ആളുകൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല. പുതുപ്പള്ളി എംഎൽഎ മരിച്ച് ഒരു മാസം തികയുന്നതിന് മുൻപ്‌ തന്നെ ഇലക്ഷൻ പ്രഖ്യാപിച്ചു. ജനപ്രതിനിധിയുടെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ ഇലക്ഷൻ പ്രഖ്യാപിച്ചത് അസാധാരണ നടപടിയാണ്. എട്ട് നോമ്പാചരണം നടക്കുന്ന കാലഘട്ടത്തിൽ വാഹന ഗതാഗത തടസമുണ്ടാകും. മണർക്കാട് പള്ളിയിലെ എട്ട് നോമ്പാചരണം സെപ്റ്റംബര്‍ ഒന്ന് മുതൽ എട്ട് വരെയാണ് നടക്കുന്നത്. വിശ്വാസികളെല്ലാം പെരുന്നാളുമായി ബന്ധപ്പെട്ട് നിൽക്കുന്ന സമയമാണിത്. മാത്രമല്ല പള്ളിക്ക് ചുറ്റും നിരവധി ബൂത്തുകൾ ഉണ്ട്. അതേപോലെ തന്നെ ഓണാഘോഷത്തിനും തെരഞ്ഞെടുപ്പ് തടസമുണ്ടാക്കും. അയ്യൻകാളി ദിനം, ശ്രീനാരായണ ഗുരുജയന്തി ആഘോഷം തുടങ്ങിയവ ഈ തെരെഞ്ഞെടുപ്പ് കാലഘട്ടത്തിലാണുള്ളത്. ഈ വിഷയങ്ങൾ കണക്കിലെടുത്ത് വോട്ടെടുപ്പും ഫലപ്രഖ്യാപനവും മാറ്റിവയ്‌ക്കണം. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഇലക്ഷൻ കമ്മിഷന് എൽഡിഎഫ് പരാതി നൽകുന്നതോടൊപ്പം സർക്കാരും പരാതി നൽകും. കോണ്‍ഗ്രസ് ജനപ്രതിനിധിയും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌തനുമായ നിബു ജോണിനെ സ്ഥാനാർഥിയാക്കുന്ന വിഷയം എൽഡിഎഫ് ആലോചിച്ചിട്ടുകൂടിയില്ലെന്നും മന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർഥി ആരെന്നുള്ള തീരുമാനം 12ാം തിയതി ഉണ്ടാവും. തെരഞ്ഞെടുപ്പ് നേരിടാൻ എല്‍ഡിഎഫ് സജ്ജമാണെന്നും സിപിഎം കോട്ടയം ജില്ല കമ്മിറ്റി ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.