'പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെടും, മത്സരിക്കാൻ പാർട്ടി സ്ഥാനാർഥി': മന്ത്രി വിഎൻ വാസവൻ
🎬 Watch Now: Feature Video
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്ന ആവശ്യവുമായി എൽഡിഎഫ്. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുമായി ബന്ധപ്പെട്ട് ഇന്ന് പരാതി നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കാരണമായി പറയുന്നത്. അതേസമയം, പുതുപ്പള്ളിയിൽ പാർട്ടി സ്ഥാനാർഥി തന്നെ എത്തുമെന്നും വിഎൻ വാസവൻ അറിയിച്ചു. കോൺഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് മെമ്പറും ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനുമായ നിബു കെ ജോൺ സിപിഎം സ്ഥാനാർഥിയാകുമെന്നായിരുന്നു വാർത്തകൾ. അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആരാണെന്ന് സംബന്ധിച്ച് ഇതുവരെ ചർച്ചകൾ ഒന്നും മുന്നണിയിൽ നടന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ ചർച്ച നടത്തി മാത്രം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവാണ് പാർട്ടിയിലുള്ളത്. എല്ലാ കാലത്തും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ സ്ഥാനാർഥി നിർണയ സമയത്ത് കോൺഗ്രസിൽ പടല പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പടലപ്പിണക്കങ്ങളും അസംതൃപ്‌തികളും മറ്റും തങ്ങളുടെ തലയിൽ കെട്ടിവെയക്കേണ്ട കാര്യമില്ല. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളി മണ്ഡലത്തിൽ കരുത്തരായ ധാരാളം സ്ഥാനാർഥികൾ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട്. ഇവരിൽ ആരെ സ്ഥാനാർഥിയാക്കണം എന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി തീരുമാനിച്ച ശേഷം ശനിയാഴ്‌ച (12.08.23) പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും വാസവൻ പറഞ്ഞു. അതേസമയം, എൽഡിഎഫ് കോട്ടയം ജില്ല കമ്മിറ്റി യോഗം ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ നടക്കും. തുടർന്ന് പുതുപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് യോഗം കോട്ടയത്ത് സിപിഎം ജില്ല കമ്മിറ്റി ഓഫിസിൽ ചേരുമെന്ന് എൽഡിഎഫ് ജില്ല കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.