Puthuppally By election| 'സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്തം, പിതാവിൻ്റെ വഴിയേ വിജയിക്കുക തന്‍റെ കടമ': പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ - ഉമ്മൻചാണ്ടി
🎬 Watch Now: Feature Video
കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്തമാണെന്ന് നിര്യാതനായ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ നിലനിൽക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന എൽഡിഎഫ് സർക്കാരിൻ്റെ ഭരണവും വികസനം ഉൾപ്പെടെ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി ജീവിച്ചത് കോൺഗ്രസിന് വേണ്ടിയാണ്. പിതാവിൻ്റെ വഴിയേ തന്നെ വിജയിക്കുക എന്നത് തന്‍റെ കടമയെന്നും ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉജ്ജ്വലമായ വിജയം നേടുമെന്നറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷത്തെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടാനുള്ള അവസരമായി ഞങ്ങള്‍ ഇതിനെ കാണുന്നുവെന്നും അദ്ദേഹം അറിയിച്ചു. വിജയിക്കാന്‍ വേണ്ടി മാത്രമുള്ള അവസരമായല്ല യുഡിഎഫ് ഇതിനെ കാണുന്നതെന്നും ആശയപരമായും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന പൂര്‍ണമായ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിലേത് പോലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം തേടുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.