രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ വ്യാപക പ്രതിഷേധം; വയനാടും കോഴിക്കോടും കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു - രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി
🎬 Watch Now: Feature Video
വയനാട്/കോഴിക്കോട്: രാഹുൽ ഗാന്ധി എംപിയെ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയതിൽ വയനാട്ടിൽ വ്യാപക പ്രതിഷേധം. കൽപ്പറ്റയിൽ ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ ബിഎസ്‌എൻഎൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിലേയ്‌ക്ക് മാർച്ച് നടത്തി. മാനന്തവാടിയിൽ യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
15 മിനിറ്റോളം നീണ്ട ഉപരോധത്തിന് ശേഷം സമരം അവസാനിപ്പിച്ചു. വരും ദിവസങ്ങളിൽ എംപിയുടെ മണ്ഡലമായ വയനാട് കേന്ദ്രീകരിച്ച് ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം.
അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ കോഴിക്കോടും ശക്തമായ പ്രതിഷേധം നടന്നിട്ടുണ്ട്. മുക്കം നോർത്ത് കാരശേരിയിൽ കോൺഗ്രസ് പ്രവർത്തകർ എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു. 15 മിനിറ്റോളം ആണ് റോഡ് ഉപരോധിച്ചത്.
തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി. ഉപരോധത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടു. 'മോദി' പരാമർശത്തിലെ അപകീർത്തിക്കേസിനെ തുടർന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിജ്‌ഞാപനമിറക്കിയത്.