പ്രവാസിയുടെ ദുരൂഹ മരണം; ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ് - കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം
🎬 Watch Now: Feature Video
Published : Jan 14, 2024, 4:53 PM IST
കോട്ടയം: ഏറ്റുമാനൂർ അടിച്ചിറയിൽ കഴുത്തിന് മുറിവേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിന്‍റെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങി പൊലീസ്. കേസിൽ ചില സംശയങ്ങളുയർന്നതിനെ തുടർന്നാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. പ്രവാസിയായിരുന്ന അടിച്ചിറ അരീച്ചിറ കുന്നേൽ ലൂക്കോസിനെ (64) വെള്ളിയാഴ്‌ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. ഭാര്യ ലിസി വിവരം അയൽവാസികളെ അറിയിക്കുകയും തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യയ്‌ക്കപ്പുറം ആരെങ്കിലും അപായപെടുത്തിയതാണോ എന്നാണ് പോലീസിന്‍റെ സംശയം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കും. ഇതോടൊപ്പം വിരലടയാള വിദഗ്‌ദരുടെയും സൈബർ സെല്ലിന്‍റെയും റിപ്പോർട്ടുകൾ കൂടി ഒത്തു നോക്കിയാൽ കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. ലൂക്കോസിന്‍റെ മൊബൈൽഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള ഗാന്ധിനഗർ എസ്എച്ച്ഒ കെ ഷിജി, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. ലൂക്കോസിന്‍റെ സംസ്‌കാരം ബുധനാഴ്‌ച നടക്കും.