video: മോദി റോഡ് ഷോയില്‍ തിളങ്ങി ബെംഗളൂരു - ബെംഗളൂരു സൗത്ത് ലോക്‌സഭ മണ്ഡലം
🎬 Watch Now: Feature Video
ബെംഗളൂരു: കർണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്‌സിലേക്ക് കടക്കുമ്പോൾ ബിജെപിയുടെ സൂപ്പർ താര പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ബെംഗളൂരു നഗരത്തില്‍ 26.5 കിലോമീറ്ററാണ് പ്രധാനമന്ത്രി ഇന്ന് റോഡ് ഷോ നടത്തിയത്. ബെംഗളൂരു നഗരത്തിന്‍റെ തെക്ക് ഭാഗത്തെ ജെപി നഗറില്‍ നിന്ന് തുടങ്ങി ജയനഗർ, ഗോവിന്ദരാജ നഗർ വഴി മല്ലേശ്വരം വരെ 17 നിയമസഭ മണ്ഡലങ്ങളാണ് മോദിയുടെ റോഡ് ഷോയിലുണ്ടായിരുന്നത്. ബെംഗളൂരു സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ ഉൾപ്പെടുന്ന മണ്ഡലങ്ങളാണ് ഇന്നത്തെ റോഡ് ഷോയില്‍ ഉൾപ്പെടുത്തിയിരുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ റോഡ് ഷോ ഉച്ചയ്ക്ക് 13.30ന് അവസാനിച്ചു.
പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ പശ്ചാത്തലത്തില്‍ കനത്ത ഗതാഗത നിയന്ത്രണമാണ് ഇന്നും നാളെയും ബെംഗളൂരു നഗരത്തില്‍ ഏർപ്പെടുത്തിയിട്ടുള്ളത്. ശക്തമായ പ്രചാരണവുമായി കോൺഗ്രസും ജെഡിഎസും മത്സര രംഗത്തുള്ളതിനാല്‍ മോദിയെ തന്നെ രംഗത്തിറക്കിയുള്ള പ്രചാരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. നാളെയും ബെംഗളൂരു നഗരത്തില്‍ പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 224 മണഡലങ്ങളിലേക്കായി മെയ് 10ന് ഒറ്റഘട്ടമായാണ് കർണാടകയില്‍ വോട്ടെടുപ്പ് നടക്കുക. മെയ് 13നാണ് വോട്ടെണ്ണല്‍. നിലവില്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അധികാരമുള്ള ഒരേയൊരു സംസ്ഥാനം എന്ന നിലയില്‍ കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവർക്ക് വളരെ നിർണായകമാണ്.