പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് മുഖ്യമന്ത്രിയും ഗവർണറും, വഴി നീളെ പ്രവർത്തകർ നൽകിയത് ഉജ്വല സ്വീകരണം
🎬 Watch Now: Feature Video
തിരുവനന്തപുരം : അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവർ ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് പ്രധാനമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിനൊപ്പം കനത്ത സുരക്ഷ വലയത്തിൽ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. മുഖ്യമന്ത്രിയ്‌ക്കും ഗവർണർക്കുമൊപ്പം സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജു, എംപി ശശി തരൂർ എന്നിവരും മോദിയെ സ്വീകരിക്കാനെത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്ന് ഫ്ലാഗ് ഓഫ് കർമത്തിനായി തമ്പാനൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലേയ്‌ക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ബിജെപി പ്രവർത്തകർ വഴി നീളെ ഉജ്വല സ്വീകരണം നൽകി. റോഡ് ഷോയില്‍ പ്രവര്‍ത്തകരുടെ അഭിവാദ്യവും പ്രധാനമന്ത്രി സ്വീകരിച്ചു.
10.10 നായിരുന്നു പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തുമെന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ വൈകി എത്തിയതിനാൽ തമ്പാനൂർ സെൻട്രൽ റെയിൽവെ സ്‌റ്റേഷനിലെത്തിയ നരേന്ദ്ര മോദി 11.12 നാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ശേഷം തലസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളുമായി സംവദിച്ച മോദി സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കും.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ അധ്യക്ഷതയില്‍ ഏഴ് എസ്‌പിമാരുടെ നേതൃത്വത്തില്‍ 1500 പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് സുരക്ഷ ചുമതലകള്‍ക്കായി വിന്യസിച്ചിട്ടുള്ളത്.