Attack | പമ്പ് ജീവനക്കാരന് സ്‌കൂൾ വിദ്യാർഥികളുടെ മർദനം ; ആക്രമണം കുപ്പിയിൽ പെട്രോൾ നല്‍കാന്‍ വിസമ്മതിച്ചതോടെ - Petrol pump employee attacked by students Mukkam
🎬 Watch Now: Feature Video
കോഴിക്കോട്: കുപ്പിയിൽ പെട്രോൾ തരില്ലെന്ന് പറഞ്ഞ പമ്പ് ജീവനക്കാരന് മർദനം. ഇന്നലെ വൈകിട്ട് 3.15ഓടെ മുക്കം മണാശേരിയിലെ എസ്‌ആർ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. പെട്രോൾ വാങ്ങാനെത്തിയ ഒരു സംഘം സ്‌കൂൾ വിദ്യാർഥികളാണ് ജീവനക്കാരനെ മർദിച്ചത്.
കുപ്പിയുമായി പെട്രോൾ വാങ്ങാനെത്തിയ പ്ലസ് ടു വിദ്യാർഥിയോട് പെട്രോൾ തരില്ലെന്നും പകരം സാമ്പിൾ കണ്ടെയ്‌നറിൽ പെട്രോൾ തരാമെന്നും ജീവനക്കാരൻ പറഞ്ഞു. ഇങ്ങനെ കണ്ടെയ്‌നറിൽ പെട്രോൾ കൊണ്ടുപോകുന്ന സമയത്ത് 100 രൂപ സെക്യൂരിറ്റി അടക്കേണ്ടതുണ്ട്. കണ്ടെയ്‌നർ തിരിച്ചേൽപ്പിച്ചാൽ 100 രൂപ തിരികെ കൊടുക്കുന്നതുമാണ് പതിവ്.
എന്നാൽ കണ്ടെയ്‌നറുമായി തിരിച്ചെത്തിയപ്പോൾ വിദ്യാർഥി ഒരുകൂട്ടം വിദ്യാർഥികളെയും കൂടെക്കൂട്ടിയിരുന്നു. കണ്ടെയ്‌നർ തിരികെ നൽകി 100 രൂപ വാങ്ങിച്ചതിന് പിന്നാലെ, പെട്രോൾ കുപ്പിയിൽ നൽകാൻ മടിച്ച പമ്പ് ജീവനക്കാരനെ വിദ്യാർഥികൾ മർദിക്കുകയായിരുന്നു.
ജീവനക്കാരൻ വാഹനത്തിൽ പെട്രോൾ അടിച്ചുകൊണ്ടിരുന്ന സമയത്താണ് മർദനം നടന്നത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ആളുകൾ ചേർന്ന് ഈ വിദ്യാർഥികളെ ഓടിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ പെട്രോൾ ജീവനക്കാരൻ ബിജുവിനെ മണാശേരി കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ മുക്കം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് എസ്‌ആർ ഫ്യുവൽസ് ഉടമ അശോകൻ. എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിന് പിന്നാലെ പ്ലാസ്റ്റിക് കുപ്പികളിൽ പെട്രോൾ കൊടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതേസമയം സാമ്പിൾ കണ്ടയ്‌നർ അംഗീകൃതമാണെന്നും അതിൽ പെട്രോൾ കൊണ്ടുപോകുന്നതിന് വിലക്കില്ലെന്നും പെട്രോൾ ഡീലേഴ്‌സ് കോഴിക്കോട് ജില്ല പ്രസിഡന്‍റ് കൂടിയായ എംപി അശോകൻ പറഞ്ഞു.