അലോപ്പതി മരുന്ന് നിര്‍ദേശിച്ച് ഹോമിയോ ഡോക്‌ടര്‍; പരാതിയില്‍ അറസ്റ്റ്; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് ജനം; ഒടുക്കം വിട്ടയക്കല്‍ - latest news in kerala

🎬 Watch Now: Feature Video

thumbnail

By

Published : Apr 27, 2023, 8:20 PM IST

ഇടുക്കി: തേനിയിലെ ആണ്ടിപ്പട്ടിയില്‍ രോഗികള്‍ക്ക്  അലോപ്പതി മരുന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹോമിയോ ഡോക്‌ടറെ വിട്ടയച്ചു. ഡോക്‌ടറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെയാണ് നടപടി. റെങ്കരംപട്ടി ഗ്രാമത്തിലെ 300 കുടുംബങ്ങളാണ് ഡോക്‌ടറെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വ്യാജ ഡോക്‌ടറെന്ന ആരോപണവും അറസ്റ്റും: കഴിഞ്ഞ ദിവസമാണ് റെങ്കരംപട്ടിയിലെ ഹോമിയോ ഡോക്‌ടറായ ബാബുവിനെ (62) പൊലീസ് അറസ്റ്റ് ചെയ്‌തത്. കേരളത്തില്‍ നിന്ന് 40 വര്‍ഷം മുമ്പ് റെങ്കരംപട്ടിയിലെത്തി ഹോമിയോ ക്ലിനിക്ക് നടത്തി വരികയായിരുന്നു ഡോക്‌ടര്‍ ബാബു. റെങ്കരംപട്ടി സ്വദേശിയായ രഘുറാം എന്നയാളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹോമിയോ ഡോക്‌ടറായ ബാബു അലോപ്പതി മരുന്നുകളും ഇഞ്ചക്ഷനും രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നും ബാബു വ്യാജ ഡോക്‌ടറാണെന്നുമാണ് രഘുറാം പൊലീസില്‍ പരാതി നല്‍കിയത്. 

പരാതിയെ തുടര്‍ന്ന് റെങ്കരംപട്ടിയിലെ ഡോക്‌ടറുടെ ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഏതാനും അലോപ്പതി മരുന്നുകളും ഇഞ്ചക്ഷനുകളും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് ബാബുവിനെ അറസ്റ്റ് ചെയ്‌ത് ആണ്ടിപ്പട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.  

ഡോക്‌ടര്‍ക്കായി സമരവുമായി നാട്ടുകാര്‍: രഘുറാമിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് ഡോക്‌ടര്‍ ബാബുവിനെ അറസ്റ്റ് ചെയ്‌തെന്ന് വാര്‍ത്ത പരന്നതോടെ ഗ്രാമത്തിലെ സ്‌ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലധികം പേരാണ് പ്രതിഷേധവുമായി ആണ്ടിപ്പട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. 40 വർഷത്തിലേറെയായി തങ്ങൾക്ക് വൈദ്യസഹായം നൽകുന്ന ഹോമിയോ ഡോക്‌ടര്‍ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.  

നാട്ടുകാരുമായി പൊലീസിന്‍റെ ചര്‍ച്ച: ഹോമിയോ ഡോക്‌ടര്‍ ബാബുവിനായി നാട്ടുകാര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ആണ്ടിപ്പട്ടി ഡിഎസ്‌പി രാമലിംഗം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ 40 വര്‍ഷമായി ഡോക്‌ടര്‍ ബാബു ഗ്രാമത്തിലുള്ള ജനങ്ങളെ ചികിത്സിക്കുന്നുണ്ടെന്നും ഇതുവരെയും യാതൊരു പ്രയാസങ്ങളും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ഡിഎസ്‌പി രാമലിംഗത്തോട് പറഞ്ഞു. ഡോക്‌ടറുടെ ചികിത്സയിലൂടെ ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. 

also read: ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം; പിരിച്ചുവിട്ട 68 ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് പുനർനിയമനം

പണമില്ലാതെ പോകേണ്ടി വന്നാല്‍ പോലും ഡോക്‌ടര്‍ മരുന്നും ചികിത്സയും ലഭ്യമാക്കുമെന്നും രോഗികളോടും നാട്ടുകാരോടും ഏറെ എളിമയും സ്‌നേഹവും ഉള്ളയാളാണ് ഡോക്‌ടര്‍ ബാബുവെന്നും നാട്ടുകാര്‍  പറഞ്ഞു. ഒരുമണിക്കൂറിലേറെ നേരമായിട്ടും നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് ഡോക്‌ടറെ വിട്ടയയ്‌ക്കുകയായിരുന്നു.  

നിര്‍ദേശം നല്‍കി പൊലീസ്: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ച ഡോക്‌ടര്‍ ബാബുവിനോട് ഹോമിയോ ഡോക്‌ടറായ താങ്കള്‍ ഒരിക്കലും അലോപ്പതി മരുന്ന് രോഗികള്‍ക്ക് നല്‍കരുതെന്നും ഗ്രാമവാസികള്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും പൊലീസ് നിര്‍ദേശിച്ചു.  ഹോമിയോ ഡോക്‌ടറായ താങ്കള്‍ അലോപ്പതി മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കിയാല്‍ അത് ജനങ്ങളുടെ ഹോമിയോപ്പതിയോടുള്ള  വിശ്വാസം തകര്‍ക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

also read: കാറിന് തീപിടിച്ചാൽ ഡോറുകൾ തനിയെ തുറക്കും; ഓട്ടോമാറ്റിക് അൺലോക്ക് സംവിധാനവുമായി വിദ്യാർഥികൾ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.