'ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ സ്ഥാനം മോര്‍ച്ചറിയില്‍': വിവാദ പ്രസ്‌താവനയുമായി പി ജയരാജന്‍
കണ്ണൂര്‍: കണ്ണൂരിൽ പ്രസംഗ വേദികളിലെ നാക്കു പിഴകൾ പുതുമയുള്ളതല്ല. ഏറ്റവും ഒടുവിൽ കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്‍റെ നാക്കുപിഴയിൽ സിബിഐ അന്വേഷിക്കുന്ന കേസിൽ കോടതി കയറാൻ ഒരുങ്ങുന്ന പി ജയരാജന് ഒരുപക്ഷേ ഇന്നത്തെ (27.07.23) തലശ്ശേരി പ്രസംഗം വിലങ്ങു തടിയായേക്കാം. പുരാണ കഥകളും ശാസ്‌ത്രവും പരാമര്‍ശിച്ചു കൊണ്ട് നടത്തിയ കേരള നിയമസഭ സ്‌പീക്കർ എഎൻ ഷംസീറിന്‍റെ പ്രസംഗത്തെ തുടര്‍ന്ന് തലശ്ശേരിയിൽ ഉണ്ടായ വിവാദങ്ങളിലാണ് ഏറ്റവും ഒടുവിൽ പി ജയരാജന്‍റെ കൊലവിളി പ്രസംഗവും എത്തി നിൽക്കുന്നത്. പ്രസംഗത്തില്‍ പ്രതിഷേധിച്ച് യുവമോർച്ച ജില്ല നേതൃത്വം കഴിഞ്ഞ ദിവസം ഷംസീറിന്‍റെ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ നീചമായി അപമാനിക്കുകയാണെന്നും സ്‌പീക്കർ പദവിയിൽ ഇരുന്നുകൊണ്ട് സിപിഎം നേതാവായി ഷംസീർ അധ:പതിച്ചിരിക്കുന്നുവെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് കുറ്റപ്പെടുത്തിയിരുന്നു. ജോസഫ് മാഷിന്‍റെ കൈ പോയത് പോലെ ഷംസീറിന്‍റെ കൈ പോകില്ലെന്ന വിശ്വാസം ആയിരിക്കാം ഇതിനു പിന്നിൽ എന്നും എന്നാൽ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം ഇങ്ങനെ നിൽക്കുമെന്ന് ഷംസീർ കരുതരുത് എന്നും ഗണേഷ് തുറന്നടിച്ചിരുന്നു. ഇതിനുള്ള മറുപടി ആയിരുന്നു പി ജയരാജന്‍റെ ഇന്നത്തെ പ്രസംഗം. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നായിരുന്നു പി ജയരാജന്‍റെ ഭീഷണി. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഇതിനെതിരെ ശക്തമായ യുവജന ചെറുത്ത് നിൽപ്പുണ്ടാകും. തലശ്ശേരിയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജൻ. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് ഷംസീർ. കൂടാതെ ഭരണഘടന പദവിയിലിരിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അദ്ദേഹം കാര്യങ്ങൾ അറിയാതെ വെറുതെ സംസാരിക്കുന്ന ഒരാൾ അല്ലെന്നും ജയരാജന്‍ പറഞ്ഞു. ഷംസീറിനെതിരെ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.