മരുഭൂമിയിലെ 'ലൂ' കാറ്റിന് സമാനമായി അമ്പലപ്പാറയിൽ ചുഴലിക്കാറ്റ് - palakkad news
🎬 Watch Now: Feature Video
പാലക്കാട് : ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്ത് മൈതാനത്ത് 'ലൂ' കാറ്റിന് സമാന രീതിയിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ശനിയാഴ്‌ച ഉച്ചക്ക് ഒന്നരയോടെയാണ് പഞ്ചായത്ത് മൈതാനത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. മൈതാനത്തുണ്ടായ കാറ്റിൽ മണ്ണ് ചുഴലി രൂപത്തിൽ ആകാശത്തേക്ക് ഉയർന്നു.
പെട്ടന്ന് തന്നെ ഈ കാറ്റ് അപ്രത്യക്ഷമായി. മൈതാനത്ത് പൊടിപടലങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ ചൂടുള്ള വായു ആകാശത്തേക്ക് ഉയർന്ന് കയറും. ശേഷം ഇത്തരത്തിൽ വായു ഉയർന്ന് കയറുന്ന സ്ഥലത്ത് ഒരു എയർഹോൾ രൂപപ്പെടും. സമീപ സ്ഥലങ്ങളിലെ മുഴുവൻ പൊടിപടലങ്ങളും എയർഹോൾ വഴി വലിച്ചെടുത്ത് ആകാശത്തേക്ക് ഉയരുന്ന പ്രതിഭാസമാണിത്.
ചൂട് കൂടുതലുള്ളതും വരണ്ടതുമായ വേനൽക്കാല കാറ്റായ 'ലൂ' മെയ്, ജൂൺ മാസങ്ങളിലാണ് കൂടുതലായും സംഭവിക്കുന്നത്. ചൂട് കൂടുതലുള്ളതു കൊണ്ട് തന്നെ ശക്തമായ ലൂ കാറ്റ് ഹീറ്റ് സ്‌ട്രോക്കിന് വരെ കാരണമാകാവുന്നതാണ്.
മരുഭൂമിയിൽ ധാരളം പൊടിപടലങ്ങളുള്ളതിനാൽ ചൂടിന്‍റെ കഠിന്യം വർധിക്കുന്നതിനനുസരിച്ച് ഇത്തരത്തിൽ ലൂ കാറ്റ് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അമ്പലപ്പാറയിലും മൈതാനത്തും ഇത്തരത്തിൽ പൊടിപടലങ്ങൾ ധാരാളമുണ്ടായിരുന്നതിനാലാണ് ഇത്തരത്തിലൊരു പ്രതിഭാസമുണ്ടായതെന്നും അതിനാൽ മൈതാനങ്ങളിൽ ഇത്തരത്തിൽ മണ്ണ് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കണമെന്നും കാലാവസ്ഥ വിദഗ്‌ധർ പറഞ്ഞു.