Onam Celebration on Trivandrum കൊട്ടിക്കയറി മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാർ, കാണികളെ ത്രസിപ്പിച്ച് ഫ്യൂഷൻ ചെണ്ടമേളം - ജാസിഗിഫ്റ്റ്
🎬 Watch Now: Feature Video
Published : Aug 31, 2023, 10:30 PM IST
തിരുവനന്തപുരം: ചെണ്ടമേളം ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണാഘോഷം...കനകക്കുന്ന് നിശാഗന്ധി വേദിയിൽ പതിഞ്ഞ താളത്തിൽ തുടങ്ങി കൊട്ടിക്കയറിയ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ (Mattannoor Sankarankutty) ഫ്യൂഷൻ ചെണ്ട മേളം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. അസുര താളത്തിനൊപ്പം തബല, വയലിന്‍, ഡ്രംസ്, ഗിറ്റാര്‍, കീ ബോര്‍ഡ് എന്നിവയുടെ താളംകൂടി ചേർന്നപ്പോൾ മേളം കൊഴുത്തു. മട്ടന്നൂർ ശങ്കരൻകുട്ടി, പ്രകാശ് ഉള്ളിയേരി സംഘത്തിന്‍റെ ഫ്യൂഷൻ സംഗീതവും നർത്തകി കൃഷ്‌ണ സുരേഷിന്‍റെ കുച്ചുപ്പുടിയും സോപാനം വേദിയിലെ നാടൻപാട്ടും പഞ്ചവാദ്യമേളവും ലേസർ ഷോയും അവിട്ടം ദിനത്തിൽ കാണികളെ ആവേശം കൊള്ളിച്ചു. ചെണ്ടമേളം ആസ്വദിക്കാൻ വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരങ്ങളാണ് കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്. ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ ഇക്കുറി ലേസർ ഷോയുമുണ്ട്. സമൂഹമാധ്യമങ്ങളിലെ ട്രെൻഡിങ് ഗാനങ്ങൾക്കൊപ്പം ലേസർ ഷോ കൂടി ചേരുമ്പോൾ കനകക്കുന്ന് പുതുതലമുറയ്ക്ക് ആടിത്തിമിര്‍ക്കാനുള്ള വേദിയാവുകയാണ്. അത്യാധുനിക ജര്‍മന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആറ് ലേസര്‍ യന്ത്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ലേസർ ഷോ കാണാൻ മന്ത്രി പി എ മുഹമ്മദ് റിയാസും എത്തി. ജില്ലയിൽ മാത്രം 31ലധികം വേദികളിലാണ് വ്യത്യസ്‌ത കലാപരിപാടികൾ അരങ്ങേറിയത്. നിണബലി, സര്‍പ്പംപാട്ടും തിരിയുഴിച്ചിലും, ദഫ്‌മുട്ട്, പാവനാടകം, നാടന്‍പാട്ടുകള്‍ എന്നീ കലാരൂപങ്ങൾ പുതുതലമുറയ്ക്ക് കൗതുക കാഴ്‌ചയായി. സിത്താര ബാലക്യഷ്‌ണൻ അവതരിപ്പിച്ച സംഗീത വിരുന്ന് സെൻട്രൽ സ്റ്റേഡിയത്തിലെ കാണികളെ ത്രസിപ്പിച്ചു. തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ ജാസിഗിഫ്റ്റ് ബാന്‍ഡും പൂജപ്പുരയില്‍ അപര്‍ണ രാജീവിന്‍റെ ഗാനമേളയും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പന്തളം ബാലന്‍റെ ഗാനമേളയും നിറഞ്ഞ സദസിൽ കയ്യടി നേടി. നെടുമങ്ങാട് ഓണാഘോഷത്തിന്‍റെ ഭാഗമായി താമരശേരി ചുരം ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടിയും കാണികളെ ആവേശം കൊള്ളിച്ചു.