Nandakumar Kolathapilly Was Questioned By Police അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം : നന്ദകുമാർ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്‌തു - നന്ദകുമാർ കൊളത്താപ്പിള്ളി ഫേസ്‌ബുക്ക് പോസ്‌റ്റ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 6, 2023, 5:44 PM IST

Updated : Sep 6, 2023, 9:47 PM IST

തിരുവനന്തപുരം : അച്ചു ഉമ്മന് എതിരായ സൈബർ അധിക്ഷേപ (Cyber Attack Against Achu Oommen) കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പിള്ളിയെ (Nandakumar Kolathappilly) പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന നിബന്ധനയിലാണ് വിട്ടയച്ചത്. ഹെൽമറ്റ് ധരിച്ച് മാധ്യമങ്ങൾക്ക് മുഖം നൽകാതെയാണ് നന്ദകുമാർ സ്റ്റേഷനിലേക്ക് എത്തിയതും പുറത്തിറങ്ങിയതും. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ പൊലീസിന്‍റെ മെല്ലെപോക്കിനെതിരെ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. ഇടത് സംഘടന നേതാവും സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറിയും കൂടിയായ നന്ദകുമാർ കൊളത്താപ്പള്ളി രാവിലെ 10 മണിയോടെയാണ് പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നന്ദകുമാർ എത്തുന്നതറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും മുഖം മറച്ചായിരുന്നു ഇയാൾ പൊലീസ് സ്റ്റേഷനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് നാല് മണിക്കൂറിലധികം സമയം എടുത്താണ് പൊലീസ് നന്ദകുമാറിനെ ചോദ്യം ചെയ്‌തത്. നന്ദകുമാറിന്‍റെ ഫോൺ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. ഇയാൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് (Nandakumar Kolathappilly Facebook Post Against Achu Oommen) നേരത്തെ നീക്കം ചെയ്‌തിരുന്നു. പോസ്‌റ്റ് പങ്കുവച്ച ഫേസ്‌ബുക്ക് അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. നിലവിൽ പോസ്‌റ്റിന്‍റെ സ്‌ക്രീൻഷോട്ടുകൾ മാത്രമാണ് പൊലീസിന്‍റെ കയ്യിലുള്ള തെളിവ്. അതിനാൽ ഫേസ്‌ബുക്കിൽ നിന്ന് വിവരം ശേഖരിക്കാൻ കാലതാമസമെടുക്കുമെന്നും ഇതിനാലാണ് ചോദ്യം ചെയ്യൽ വൈകിയത് എന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ ഇടത് സംഘടന നേതാവിന്‍റെ രാഷ്‌ട്രീയ സ്വാധീനമാണ് അന്വേഷണം വൈകാൻ കാരണമെന്നാണ് വിഷയത്തിൽ കോൺഗ്രസിന്‍റെ ആക്ഷേപം. അച്ചു ഉമ്മന്‍റെ ജോലി, വസ്‌ത്രധാരണം, സമ്പാദ്യം എന്നിവ മുൻനിർത്തി സൈബർ അധിക്ഷേപം നടത്തിയെന്നതാണ് നന്ദകുമാറിനെതിരായ പരാതി. ഈ മാസം 29നാണ് നന്ദകുമാറിനെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. നന്ദകുമാറിനെ വിരമിച്ച ശേഷവും സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവിയിൽ പുനർ നിയമനം നൽകിയിരുന്നു. 

Last Updated : Sep 6, 2023, 9:47 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.