ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും, പ്രതിപക്ഷത്തിന്‍റേത് ഗവൺമെന്‍റ് വിരുദ്ധ പ്രചാരവേല : എം വി ഗോവിന്ദന്‍ - ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ
🎬 Watch Now: Feature Video
കോട്ടയം : ഡോക്‌ടര്‍മാർ ആക്രമിക്കപ്പെടുന്ന സംഭവത്തിൽ നടപടികളെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡോക്‌ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിർമാണവും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്‌ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അതിന് തീരുമാനമുണ്ടാക്കാൻ കഴിഞ്ഞില്ല.എന്നാൽ വന്ദനയ്‌ക്ക് ഇത്തരത്തില്‍ സംഭവിച്ചതിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ഗ്ലിസറിൻ പരാമർശം ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രതിപക്ഷം ഗൗരവകരമായ വിഷയങ്ങളിൽ ഇടപെടുന്നില്ലെന്നും ഗവൺമെന്‍റ് വിരുദ്ധ പ്രചാരവേല നടത്തുകയാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കൊല്ലപ്പെട്ട വനിത ഡോക്‌ടർ വന്ദന ദാസിന്‍റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകുന്നേരമാണ് സിപിഎം സംസ്ഥാന സെക്രട്ടറി വന്ദനയുടെ വീട്ടിൽ എത്തിയത്.