ആഘോഷ പരിപാടികള്‍ക്ക് ഇനി മുതല്‍ സ്‌റ്റീൽ പാത്രങ്ങള്‍; മുഖം മിനുക്കി ഗ്രാമപഞ്ചായത്തിന്‍റെ 'ഗ്രീൻ മൂന്നാർ ക്ലീൻ മുന്നാർ' പദ്ധതി
🎬 Watch Now: Feature Video
ഇടുക്കി: മൂന്നാറിനെ മാലിന്യവിമുക്തമാക്കുന്നതിനുള്ള ഗ്രീൻ മൂന്നാർ ക്ലീൻ മുന്നാർ പദ്ധതിയില്‍ പുതിയ ഉപ പദ്ധതിയുമായി മൂന്നാർ ഗ്രാമപഞ്ചായത്ത്. ഇതുപ്രകാരം വിവാഹ ചടങ്ങുകളും വിവിധ അഘോഷങ്ങളും പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുമ്പോൾ ഭക്ഷണം ഇനി മുതൽ സ്‌റ്റീൽ പാത്രങ്ങളിൽ മാത്രമാവും. മാത്രമല്ല മൂന്നാറിനെ മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് നിരവധി പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
നിരവധി വിനോദസഞ്ചാരികളെത്തുന്ന മൂന്നാറിൽ മാലിന്യനിർമാർജനം വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ മാലിന്യ നിർമാർജനത്തിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് പഞ്ചായത്ത്. മാലിന്യങ്ങൾ വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതും, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതുമെല്ലാം ഇപ്രകാരം ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്. തുടർ പദ്ധതികളുടെ ഭാഗമായിട്ടാണ് വിവാഹ ചടങ്ങുകളും വിവിധ ആഘോഷങ്ങളും മൂന്നാർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതിനും സ്‌റ്റീൽ പാത്രങ്ങളിലും സ്‌റ്റീൽ ഗ്ലാസുകളും പഞ്ചായത്ത് ഒരുക്കിയത്.
കഴിഞ്ഞദിവസം നടന്ന ആഘോഷ ചടങ്ങിലായിരുന്നു സ്‌റ്റീൽ പ്ലേറ്റും സ്‌റ്റീൽ ഗ്ലാസുകളും പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്‌തത്. ആഘോഷ ചടങ്ങുകളിൽ ഇനി മുതൽ പേപ്പർ പ്ലേറ്റുകളും പേപ്പര്‍ ഗ്ലാസുകളും ഉപയോഗിക്കാൻ പാടില്ലെന്ന ബോധവത്‌കരണം കൂടിയാണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെ പഞ്ചായത്ത് നടപ്പിലാക്കുന്നത്.