lanslide in munnar | മൂന്നാര്‍ ഗ്യാപ് റോഡിൽ മണ്ണിടിച്ചില്‍; കൊച്ചി -ധനുഷ്കോടി ദേശീയ പാതയില്‍ ഗതാഗത തടസം
ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി പാതയിലേയ്ക്ക് തിരിയുന്ന റോഡിന് സമീപത്തായിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ ഗ്യാപ് റോഡിലൂടെ ഉള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
മല മുകളിൽ നിന്നും വലിയ പാറകളും മണ്ണും റോഡിലേയ്‌ക്ക് പതിച്ചു. മുൻ വർഷങ്ങളിലും പലതവണ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തു നിന്നും മുൻപും മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ദേശീയ പാതയുടെ നവീകരണത്തിന് ശേഷം മഴകാലത്ത് ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.
ദുരന്ത നിവാരണ സേന ഇടുക്കിയില്‍: മഴ ശക്തമായ സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേന ഇടുക്കിയിലെത്തി. 25 അംഗ ടീമാണ് ഇടുക്കിയിലെത്തിയത്. മഴ ശക്തമായ സാഹചര്യത്തില്‍ ജനങ്ങൾ നദി മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങാനോ പാടില്ലെന്ന് കലക്‌ടർ ഉത്തരവിട്ടു. ഉരുൾ പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിയുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും നിർദ്ദേശമുണ്ട്.