ജോസ് കെ മാണിയെ സ്വാഗതം ചെയ്‌ത നടപടി : യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ - കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്കില്ലെ
🎬 Watch Now: Feature Video
കോട്ടയം : കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന യുഡിഎഫിൽ ചർച്ച ചെയ്‌തിട്ടല്ല എന്ന് മോൻസ് ജോസഫ് എംഎൽഎ. പ്രസ്‌തുത വിഷയത്തിൽ കെപിസിസി ചർച്ച നടത്തിയോ എന്നറിയില്ല. യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നടന്നാൽ പാർട്ടി അഭിപ്രായം പറയും. അന്തരീക്ഷത്തിൽ ഉള്ള ഒരു വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും
മോൻസ് ജോസഫ് കോട്ടയത്ത് പ്രതികരിച്ചു.
'കെപിസിസിയിൽ എന്തെങ്കിലും ചർച്ച നടന്നോ എന്ന് ഞങ്ങൾക്കറിയില്ല. യുഡിഎഫിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫിൽ എന്തെങ്കിലും ചർച്ച നടന്നാലല്ലേ ഞങ്ങൾക്ക് അഭിപ്രായം പറയാൻ സാധിക്കൂ. കേരള കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം പറയേണ്ട സമയത്ത് ചെയർമാൻ പി ജെ ജോസഫ് സർ മറുപടി പറയും. യുഡിഎഫ് വിട്ടുപോയ ആളുകൾ ഞങ്ങൾ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു എന്ന് പറയുന്നത് വരെ ഈ വിഷയത്തിന് യാതൊരു പ്രസക്തിയുമില്ല' - മോൻസ് ജോസഫ് എംഎൽഎ കോട്ടയത്ത് പ്രതികരിച്ചു.
യുഡിഎഫിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്താനും, തിരിച്ചുവരവിനുമായി ശക്തമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കേരള കോൺഗ്രസ് പാർട്ടി ഈ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.