'കെട്ടിട പെർമിറ്റ് ഫീസും നികുതിയും വർധിപ്പിച്ചതിനെതിരെ സമരം നടത്തും'; സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കുമെന്നും എംഎം ഹസൻ - യുഡിഎഫ് സമരം
🎬 Watch Now: Feature Video
തിരുവനന്തപുരം : കെട്ടിട നികുതിയും കെട്ടിട പെർമിറ്റ് ഫീസും വർധിപ്പിച്ചതിനെതിരെ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഈ മാസം 26ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ യുഡിഎഫ് പ്രവർത്തകർ മാർച്ചും പ്രതിഷേധ ധർണയും നടത്തും. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും ഹസൻ അറിയിച്ചു.
സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷിക ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ഇത് ജനങ്ങളുടെ ദുരിത ജീവിതത്തിന്‍റെ രണ്ടാം വാർഷികമായി കണ്ട് ആചരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ചുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കാൻ ഏപ്രിൽ 27ന് ചേരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ചേരും.
സർക്കാർ നികുതി കൊള്ളയാണ് നടത്തുന്നത്. കെട്ടിട പെർമിറ്റ് ഫീസ് 500 ശതമാനത്തിലേറെയാണ് വർധിപ്പിച്ചത്. വീട് വയ്ക്കുന്നതിനുള്ള പെർമിറ്റ് ഫീസ് 30 രൂപയിൽ നിന്നും 1,000 രൂപ മുതൽ 5,000 രൂപ വരെയാക്കി വർധിപ്പിച്ചു. ഇത്തരമൊരു വർധനവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കടബാധ്യതകൊണ്ട് പ്രയാസമാനുഭവിക്കുന്നവർക്ക് വലിയ ബാധ്യതയാണ് ഇതെന്നും എംഎം ഹസൻ പറഞ്ഞു.