'മൈക്ക് വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇമേജ് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍'; ഉത്തരവാദികളെ കണ്ടെത്തണമെന്ന് എംഎം ഹസ്സന്‍ - mm hassan on kerala mic case

🎬 Watch Now: Feature Video

thumbnail

By

Published : Jul 27, 2023, 4:13 PM IST

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്‌മരണത്തിലെ മൈക്ക് വിവാദത്തിന് പിന്നില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇമേജ് തകര്‍ക്കാന്‍ ശ്രമിക്കുന്നവരെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് ആരെന്ന കണ്ടെത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ആരെങ്കിലും ധൈര്യം നല്‍കാതെ പൊലീസ് ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സ്വന്തം പാളയത്തില്‍ നിന്നുളളവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള ശ്രമം നടത്തിയത് ആരെന്ന് കണ്ടെത്തി പുറംലോകത്ത് മുഖ്യമന്ത്രി അറിയിക്കണം. അല്ലാതെ കേസ് പിന്‍വലിച്ചതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ല. അനുസ്‌മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ ഒരു കാര്യവും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് തന്നെ അക്കാര്യം മനസിലായിട്ടുണ്ടെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. 

മൈക്ക് കേടുവന്നപ്പോള്‍ മുഖ്യമന്ത്രി ഒരു അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടില്ല. അനാവശ്യമായി വിവാദത്തിനാണ് ശ്രമം. വിടി ബല്‍റാമിനെ വിമര്‍ശിച്ചുള്ള സിപിഎം പ്രതികരണങ്ങള്‍ ശരിയല്ല. എല്ലാവരും മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരെ പിന്തിരിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. സിപിഎം നേതാവ് ഇക്കാര്യങ്ങളില്‍ പറയുന്നത് ബാലിശമായ കാര്യങ്ങളാണെന്നും ഹസ്സന്‍ ആരോപിച്ചു.

'സിപിഎം ലക്ഷ്യം വോട്ട് ബാങ്ക്': ഏകസിവില്‍ കോഡിലും മണിപ്പൂര്‍ വിഷയത്തിലും പ്രതിഷേധിക്കുന്ന സിപിഎമ്മിന്‍റെ ലക്ഷ്യം വോട്ടുബാങ്ക് മാത്രമാണെന്നും എംഎം ഹസ്സന്‍. ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ മുസ്‌ലിം സംഘടനകളെ മാത്രമാണ് സിപിഎം പങ്കെടുപ്പിച്ചത്. ബിജെപി ലക്ഷ്യമിടുന്നത് പോലെയുള്ള രാഷ്ട്രീയ ധ്രുവീകരണമാണ് സിപിഎം ലക്ഷ്യമിട്ടത്. എന്നാല്‍, യുഡിഎഫ് ഇത്തരം ഒരു നീക്കത്തിന് തയ്യാറല്ല. പ്രതിഷേധങ്ങളില്‍ യുഡിഎഫ് എല്ലാവരെയും ഉള്‍പ്പെടുത്തും. ബഹുസ്വരത സംരക്ഷിക്കുകയാണ് യുഡിഎഫ് ലക്ഷ്യമെന്നും ഹസ്സന്‍ വ്യക്തമാക്കി. 

ഏകസിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ ശനിയാഴ്‌ച ബഹുസ്വരത സംഗമം സംഘടിപ്പിക്കും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് കോമ്പൗണ്ടിലെ ഗിരിദീപം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ വിവിധ മതസാമുദായിക സംഘടന പ്രതിനിധികളും സാംസ്‌കാരിക നേതാക്കളും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുമെന്നും ഹസ്സന്‍ വ്യക്തമാക്കി. ഓഗസ്റ്റ് മൂന്നിന് മണിപ്പൂര്‍ കലാപം ഉയര്‍ത്തി യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. 'മണിപ്പൂരിലെ തീയണയ്ക്കൂ, അമ്മമാരുടെ മാനം കാക്കൂ' എന്ന സന്ദേശം ഉയര്‍ത്തിയുള്ള ധര്‍ണ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ദ്ഘാടനം ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞു.

'വിശന്നാല്‍ വിപ്ലവം ഉണ്ടാകുന്ന രീതിയില്‍ മുന്നോട്ടുപോകും': വിശന്നാല്‍ വിപ്ലവം ഉണ്ടാകുന്ന സമരവുമായി മുന്നോട്ട് പോകാനുള്ള സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് എംഎം ഹസ്സന്‍. അതിരൂക്ഷമായ വിലക്കയറ്റമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഓണക്കാലമാകുമ്പോല്‍ ഇത് ഇരട്ടിയാകുന്ന സ്ഥിതിയാണെന്നും ഹസ്സന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് നേരത്തെ കിറ്റ് കൊടുത്തത് വോട്ട് പിടിക്കാനെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഓണക്കാലത്ത് ബിപിഎല്ലുകാര്‍ക്ക് മാത്രം കിറ്റ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടുത്ത വിലക്കയറ്റകാലത്ത് ഇത് അംഗീകരിക്കാന്‍ കഴിയില്ല. 

എപിഎല്‍, ബിപിഎല്‍ വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കും സൗജന്യമായി കിറ്റ് നല്‍കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. ന്യായ വിലയ്ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സപ്ലൈയ്‌ക്കോയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ക്ക് ഇത് ആശ്വാസമാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണത്തിന് ശമ്പളം കിട്ടുമോ, ഉത്സവബത്ത കിട്ടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.നിയമസഭ ചേരുന്നതുവരെ കാത്തിരിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം നടത്തുമെന്നും ഹസ്സന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.