ബാക്കിയെല്ലാം റെഡി, കോടതി ഉത്തരവ് അനുകൂലമായാല്‍ അരിക്കൊമ്പനെ പൂട്ടും - അരിക്കൊമ്പനെ പിടികൂടൽ
🎬 Watch Now: Feature Video

ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. കോടതി ഉത്തരവ് കൂടി അനുകൂലമായി ലഭിച്ചാൽ ദൗത്യത്തിലേക്ക് കടക്കാം എന്ന് ഡോ. അരുൺ സക്കറിയ വ്യക്തമാക്കി. അരിക്കൊമ്പനെ ട്രാക്ക് ചെയ്‌ത് കഴിഞ്ഞു. കുങ്കിയാനകൾ പ്രദേശവുമായി പരിചിതമായി. കോടതി അനുമതി കിട്ടിയാൽ മയക്ക് വെടിവയ്ക്കുമെന്നും എന്ന് ഡോ. അരുൺ സക്കറിയ വ്യക്തമാക്കി.
മാർച്ച് 29-ാം തീയതി അനുകൂലമായ കോടതി ഉത്തരവ് കിട്ടുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കുന്നതിനുള്ള എല്ലാ നടപടികളും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പൻ തിരികെ പെരിയകനാലിലേക്ക് പോകാതിരിക്കുന്നതിന് കുങ്കിയാനകളെ ഉപയോഗിക്കുമെന്നും അരുൺ സക്കറിയ പറഞ്ഞു.
കുങ്കിയാനകൾ നിൽക്കുന്ന സിമന്‍റ് പാലത്തേക്ക് സഞ്ചാരികളുടേയും സന്ദർശകരുടെയും കടന്നുവരവ് വർധിച്ചതോടെ ഇവിടേക്കുള്ള വാഹന ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ചിന്നക്കനാൽ വിലക്കിലും ബി എൽ റാമിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് വാഹന ഗതാഗതം നിയന്ത്രിക്കുന്നത്. പ്രദേശവാസികൾക്ക് വാഹനങ്ങളുമായി കടന്നു പോകുന്നതിന് തടസ്സമില്ല.