അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിവസം; മയക്കുവെടി വയ്‌ക്കാൻ ശ്രമം
🎬 Watch Now: Feature Video
ഇടുക്കി : ഒന്നാം ദിനം ദൗത്യം പരാജയപ്പെട്ടെങ്കിലും ഇന്ന് രാവിലെ ആറ് മണിയോടെ അരിക്കൊമ്പൻ ദൗത്യത്തിന് വീണ്ടും തുടക്കമായി. ദൗത്യം ആരംഭിച്ച സമയത്ത് അരിക്കൊമ്പൻ എവിടെയാണ് നിൽക്കുന്നതെന്ന് കണ്ടെത്താൻ സൗധിച്ചിരുന്നില്ല. എന്നാൽ ദൗത്യ സംഘത്തിന്‍റെ തെരച്ചിലിനൊടുവിൽ 9 മണിയോടെ സിമന്‍റ് പാലത്തിന് സമീപത്ത് വച്ച് അരിക്കൊമ്പനെ കണ്ടെത്തി.
ദൗത്യ മേഖലയിലേക്ക് എത്തിച്ച് ഇന്ന് തന്നെ പിടികൂടുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുകൾക്കും ഒടുവിലാണ് അരിക്കൊമ്പനെ മയക്കു വെടി വയ്ക്കുന്നതിന് വേണ്ടിയിട്ടുള്ള തീരുമാനത്തിലേക്ക് വനം വകുപ്പ് എത്തിയത്. കഴിഞ്ഞ ദിവസം മോക്ഡ്രിൽ നടത്തിയതിന് ശേഷം ഇന്നലെ പുലർച്ചെ നാലരയോടെ ദൗത്യം ആരംഭിക്കുകയായിരുന്നു.
സിമൻ്റ് പാലത്തിന് സമീപം ആനക്കൂട്ടത്തിൽ അരിക്കൊമ്പൻ ഉണ്ട് എന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം. ആനക്കൂട്ടത്തെ വിരട്ടി കൂട്ടം തിരിക്കുവാൻ വന വകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതോടെ ഈ കൂട്ടത്തിൽ അരിക്കൊമ്പൻ ഇല്ല എന്ന് ബോധ്യപ്പെട്ടു. തുടർന്ന് വനം വകുപ്പ് അരിക്കൊമ്പനായുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ദൗത്യം ഉച്ചയോടെ പൂർത്തിയാക്കി മടങ്ങുവാൻ കഴിയുമെന്ന പ്രതീക്ഷയിൽ ദൗത്യത്തിന് ഇറങ്ങിയ വനം വകുപ്പിന് വൈകുന്നേരത്തോടെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ച് മടങ്ങേണ്ടി വന്ന സ്ഥിതിയാണ് ഉണ്ടായത്.
ഇന്ന് രാവിലെ വീണ്ടും ദൗത്യം പുനരാരംഭിച്ച് ശങ്കരപാണ്ട്യൻമെട്ടിൽ ഇന്നലെ വൈകുന്നേരത്തോടെ അരികൊമ്പനെ കണ്ടെത്തിയിരുന്നുവെങ്കിലും രാവിലെ ഈ മേഖലയിൽ നിന്നും അരിക്കൊമ്പൻ പിൻവാങ്ങി. തുടർന്ന് നടത്തിയ തെരച്ചിലിൽ സിങ്ക് കണ്ടത്തിന് സമീപം കൊമ്പനെ ദൗത്യ സംഘം കണ്ടെത്തുകയായിരുന്നു. ദൗത്യ മേഖലയിലേക്ക് അരിക്കൊമ്പനെ എത്തിക്കാൻ സാധിച്ചാൽ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് സിസിഎഫ് ആർ എസ് അരുൺ പറഞ്ഞു. മേഖലയിൽ ഇന്നും നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുകയാണ്