അരിക്കൊമ്പനെ തുരത്തിയ കുങ്കിയാനകള്‍ക്ക് മധുരം, പാപ്പാന്മാര്‍ക്ക് ആദരവ്; ആഘോഷവുമായി ചിന്നക്കനാലുകാര്‍ - ശാന്തന്‍പാറ

🎬 Watch Now: Feature Video

thumbnail

By

Published : May 1, 2023, 10:58 PM IST

ഇടുക്കി: കാലങ്ങളായി ചിന്നക്കനാല്‍, ശാന്തന്‍പാറ നിവാസികളുടെ ഉറക്കം കെടുത്തിയവനായിരുന്നു അരിക്കൊമ്പന്‍. ആനയെ പിടിച്ചുമാറ്റാന്‍ വനംവകുപ്പ് നടപടി ആരംഭിച്ചെങ്കിലും കോടതി ഇടപെടലിനെ തുടര്‍ന്ന് ദൗത്യം വൈകിയപ്പോള്‍ ആശങ്കയിലായിരുന്നു ഇവര്‍. അപകടകാരിയായ ആനയെ, മേഖലയില്‍ നിന്നും മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ച കുങ്കിയാനകളോടുള്ള സ്‌നേഹം ശര്‍ക്കരയും പഴവും നല്‍കിയാണ് നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പാപ്പാന്‍മാരെ പൊന്നാടയണിച്ചും ആദരിച്ചു.

തുടര്‍ച്ചയായി വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതുകൊണ്ടാണ് അരിക്കൊമ്പനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരായത്. ദൗത്യം വിജയിച്ചതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാര്‍. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചിരുന്നു. മാത്രമല്ല പുതിയ സ്ഥലത്ത് അരിക്കൊമ്പന് സുലഭമായി തീറ്റയും വെള്ളവും ലഭ്യമാകുമെന്നത് ആശ്വാസമെന്നുമാണ് നാട്ടുകാരുടെ പ്രതികരണം.

അരിക്കൊമ്പനൊപ്പം കാടിറങ്ങിയിരുന്ന ചക്കക്കൊമ്പനും മൊട്ടവാലനുമെല്ലാം അപകടകാരികളാണ്. എന്നാല്‍ അരിക്കൊമ്പനെ മാറ്റിയതോടെ ആക്രമണങ്ങള്‍ നല്ലൊരു ശതമാനവും കുറയുമെന്നാണ് പ്രതീക്ഷ. വനമേഖലയില്‍ തീറ്റ ഇല്ലാത്തതാണ് ആനകള്‍ കാടിറങ്ങുന്നതിന് കാരണമെന്നും മൊട്ടക്കുന്നുകള്‍, പുല്‍മേടുകളായി സംരക്ഷിച്ചാല്‍ പ്രദേശത്തെ കാട്ടാന ആക്രമണങ്ങള്‍ക്ക് പരിഹാരമാകുമെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.