വാരിക്കോരി പ്ലസ് വൺ സീറ്റ് അധിക ബാച്ച് അനുവദിക്കാനാവില്ല, സമയമെടുത്ത് ക്രമീകരിക്കും ; വിദ്യാഭ്യാസ മന്ത്രി - v sivankutty about plus one seats

🎬 Watch Now: Feature Video

thumbnail

By

Published : May 19, 2023, 7:29 PM IST

തിരുവനന്തപുരം : വാരിക്കോരി അധികബാച്ച് അനുവദിക്കാനാവില്ലെന്നും താലൂക്കടിസ്ഥാനത്തിൽ പഠിച്ചതിന് ശേഷം മാത്രമേ ബാച്ചുകൾ അനുവദിക്കാനാവുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പ്രൊഫ.കാർത്തികേയൻ കമ്മിറ്റിയുടെ റിപ്പോർട്ട് മാത്രമല്ല അധ്യാപക സംഘടനകളും എസ് ഇ ആർ ടി യും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വകുപ്പ് പഠിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഹയർ സെക്കൻഡറിയുടെ കൃത്യമായ കണക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം കമ്മിറ്റികളെ നിയോഗിച്ചത്. 

എന്നാൽ റിപ്പോർട്ട് പെട്ടെന്ന് നടപ്പിലാക്കാനാവില്ല. ബാച്ചിൽ മതിയായ കുട്ടികൾ ഇല്ല എന്ന കാരണത്താൽ ഉടനെ സ്‌കൂളിലെ ബാച്ച് എടുത്ത് മാറ്റാൻ പറ്റില്ലെന്നും അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അവ ക്രമീകരിക്കുന്നതിന് സമയമെടുക്കും. ഇത്തവണത്തെ പ്ലസ് വൺ സീറ്റ് ക്രമീകരിക്കുമ്പോൾ ഈ റിപ്പോർട്ടുകൾ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അഡ്‌മിഷൻ നടപടികൾ വേഗത്തിലാക്കും : നിലവിൽ സംസ്ഥാനത്ത് 81 അധിക ബാച്ച് ഉണ്ടെന്നും അവ തുടരുമെന്നും മന്ത്രി പറഞ്ഞു. മലബാർ മേഖലയിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനം ഒന്നരമാസത്തോളം വൈകിയെങ്കിലും ഇത്തവണ എല്ലാം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണെന്നും പരമാവധി വേഗത്തിൽ തന്നെ അഡ്‌മിഷൻ തുടങ്ങുന്നതിനായുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി കോട്ട അഡ്‌മിഷൻ സിംഗിൾ വിൻഡോവിൽ ചേർക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡോണേഷൻ വാങ്ങുന്നത് അനുവദിക്കില്ല : സ്‌കൂൾ അഡ്‌മിഷന് ഡോണേഷൻ വാങ്ങുന്നത് വിദ്യാഭ്യാസ അവകാശത്തിന് എതിരാണന്നും പരാതി കിട്ടുന്ന പക്ഷം വകുപ്പ് വിഷയം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് തിരുവനന്തപുരത്ത് വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എസ്‌ എസ്‌ എൽ സി ഫലം പ്രഖ്യാപിച്ചത്. 4.19 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 99.70 ശതമാനമാണ് സംസ്ഥാനത്ത് വിജയം. 

കഴിഞ്ഞ വർഷത്തേക്കാൾ 0.44 ശതമാനമാണ് അധിക വിജയ ശതമാനം. സംസ്ഥാനത്താകെയായി 68,604 വിദ്യാർഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 99.94 ശതമാനമാണ് മലപ്പുറത്തെ വിജയം. എസ്‌ എസ്‌ എൽ സി പ്രൈവറ്റ് സ്‌കീമിൽ പരീക്ഷ എഴുതിയ 150 പേരിൽ 100 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 

also read : മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആരോപണങ്ങളുടെ ചക്രവ്യൂഹത്തില്‍ കുടുങ്ങി രണ്ടാം പിണറായി സര്‍ക്കാര്‍

951 സർക്കാർ സ്‌കൂളുകളാണ് ഇത്തവണ 100 ശതമാനം വിജയം നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ 191 അധിക സർക്കാർ വിദ്യാലയങ്ങളാണ് ഇത്തവണ 100 ശതമാനം വിജയം നേടിയിട്ടുള്ളത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.