'നവ കേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ തീർപ്പ് ഉടന്‍';മന്ത്രി വി എൻ വാസവൻ - നവകേരളസദസ്
🎬 Watch Now: Feature Video
Published : Jan 17, 2024, 6:05 PM IST
കോട്ടയം: കോട്ടയം ജില്ലയിൽ നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ ഇനിയും തീർപ്പുകൽപ്പിക്കാനുള്ളവ പരിഹരിക്കാൻ അടിയന്തര നടപടികളെടുത്തു മുന്നോട്ടുപോകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എല്ലാ വകുപ്പുകളും പരാതികൾ പരിഹരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയിൽ 42,656 നിവേദനങ്ങളാണ് ലഭിച്ചത്. ഒരു നിവേദനത്തിൽ തന്നെ ഒന്നിലധികം പരാതികൾ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യക്തികളും ധാരാളമുണ്ട്. ഇവ വിഷയാടിസ്ഥാനത്തിൽ തിരിച്ചപ്പോൾ 43,308 അപേക്ഷകളായിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം അപേക്ഷകളിലും നടപടികൾ പുരോഗമിക്കുകയാണ്. 3024 നിവേദനങ്ങളിൽ തീർപ്പുകൽപ്പിച്ച് നവകേരള പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. പരാതി പരിഹരിച്ച എല്ലാ അപേക്ഷകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തിട്ടില്ല. അവ കൂടി കണക്കിലെടുത്താൽ ഇതിലേറെ അപേക്ഷകളിൽ തീർപ്പുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരാതികൾ പരിഹരിക്കാൻ ഓരോ വകുപ്പിനും ഓരോ നോഡൽ ഓഫീസറെ നിശ്ചയിച്ചിട്ടുണ്ട്. നോഡൽ ഓഫീസർ അപേക്ഷകളിലെ നടപടികളുടെ പുരോഗതി ദിവസവും വിലയിരുത്തി ജില്ലാ കളക്‌ടർക്കു റിപ്പോർട്ട് നൽകും. പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളുണ്ടെങ്കിൽ എന്തുകൊണ്ട് അവ പരിഹരിക്കാനാവില്ലെന്ന് അപേക്ഷകനെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലകളിൽ പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളും മന്ത്രിസഭാ തലത്തിൽ തീരുമാനമെടുക്കേണ്ട അപേക്ഷകളും വകുപ്പുമേധാവിക്കും ഉന്നതതലങ്ങളിലേയ്‌ക്കും കൈമാറും. ഒന്നിലേറെ വകുപ്പുകൾ ഇടപെട്ടു തീർപ്പുണ്ടാക്കേണ്ട വിഷയങ്ങൾ ജില്ലാ കളക്‌ടറുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു. രണ്ടാഴ്‌ച കൂടുമ്പോൾ ഈ വിഷയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ഗവ. സെക്രട്ടറിയും അവലോകനം ചെയ്യും. തുടർച്ചയായ പ്രക്രിയയിലൂടെ പരിഹരിക്കാവുന്ന പരിഹരിച്ചും അല്ലാത്തവ എന്തുകൊണ്ടു പരിഹരിക്കാനാവില്ലെന്നു ബോധ്യപ്പെടുത്തിയും നവകേരളസദസുമായി ബന്ധപ്പെട്ടു കിട്ടിയ മുഴുവൻ അപേക്ഷകളോടും പ്രതികരിക്കുന്ന രൂപത്തിലാണ് സംസ്ഥാന സർക്കാർ നടപടിയെന്നും മന്ത്രി പറഞ്ഞു.